വാഴ ഉത്പന്നങ്ങളുടെ രുചി മേളവുമായി മടിക്കൈ പഞ്ചായത്ത്കുടുംബശ്രീ സി.ഡി.എസ് ബനാന ഫെസ്റ്റ്

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നേന്ത്രവാഴ കൃഷി നടത്തുന്ന കാര്‍ഷിക ഗ്രാമമായ മടിക്കൈ ഗ്രാമപഞ്ചായത്തില്‍ വഴപ്പഴത്തിന്റെ വൈവിധ്യമാര്‍ന്ന കലവറകള്‍ ഒരുക്കി മടിക്കൈ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ബനാന ഫെസ്റ്റ് നടത്തി. വാഴപ്പഴത്തിന്റെ അനന്തസാധ്യതകള്‍ പൊതു ഇടങ്ങളില്‍ എത്തിക്കുന്നതിനും മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ വ്യാപ്തി ഉണ്ടാക്കുന്നതിനും വനിത സംരംഭങ്ങളിലൂടെ മികച്ച ഭക്ഷ്യ സംസ്‌കരണ മേഖല തുറക്കുന്നതിനും ഇതിലൂടെ വരുമാനം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാനത്ത് ആദ്യമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബനാന ഫെസ്റ്റ് നടത്തിയത്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ 263 കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും 850 ഓളം അംഗങ്ങള്‍ പങ്കെടുത്ത് വൈവിധ്യവും പുതുമയുള്ളതുമായ നിരവധി ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനമാണ് നടന്നത്. വാഴയുടെ വിവിധ ഉല്‍പ്പന്നങ്ങളായ പഴം മിഠായി, പഴം കിളിക്കൂട്, വാഴക്കൂമ്പ് കട്ലറ്റ്, വാഴക്കാമ്പ് തോരന്‍, വാഴപ്പഴ കേക്ക് തുടങ്ങിയ135 ഇനങ്ങളുടെ പ്രദര്‍ശനമാണ് നടന്നത്.

മേക്കാട്ട് സ്‌കൂളില്‍ നടന്ന ബനാന ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പ്രകാശന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എം.വി ജയന്‍ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുജാത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ജ്യോതി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.വി പത്മിനി, പി. കുഞ്ഞികൃഷ്ണന്‍, എ.രാജന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ ഡി.ഹരിദാസ്, പഞ്ചായത്ത് സെക്രട്ടറി കെ.ബിജു എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ 2025-26 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കൈവരിച്ച മടിക്കൈ ഗ്രാമപഞ്ചായത്തിലെ കക്കാട്ട്, കാഞ്ഞിരപ്പൊയില്‍, മടിക്കൈ ഫസ്റ്റ്, മടിക്കൈ സെക്കന്‍ഡ് എന്നീ സ്‌കൂളുകളെ ആദരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ.ബി സീന സ്വാഗതവും കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ബാബു അപ്യാല്‍ നന്ദിയും പറഞ്ഞു. ജനപ്രതിനിധികള്‍, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍, എ.ഡി.എസ് അംഗങ്ങള്‍, ജില്ലാ മിഷന്‍ സ്റ്റാഫ് അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍ വിദ്യാര്‍ഥികള്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു

Scroll to Top