നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട്, കെ.എം.സി.ടി എഞ്ചിനീയറിംഗ് കോളേജ് കാസര്‍കോട് എന്നിവിടങ്ങളില്‍ ആവേശത്തിന്റെ ഗോള്‍ മഴ പെയ്യിച്ച് കിക്ക് ടു കീപ്പ് ഇറ്റ് ഗ്രീന്‍ ഗോള്‍ ചാലഞ്ച്. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് കുമ്പള, ചെങ്കള, ബദിയടുക്ക ഗ്രാമ പഞ്ചായത്തുകള്‍, കാഞ്ഞങ്ങാട് നഗരസഭ, ഐ.എച്ച്.ആര്‍.ഡി കുമ്പള കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് മഞ്ചേശ്വരം, നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട്, കെ.എം.സി.ടി എഞ്ചിനിയറിംഗ് കോളേജ് കാസര്‍കോട് എന്നിവരുടെ സഹകരണത്തോടെയാണ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി കിക്ക് ടു കീപ്പ് ഇറ്റ് ഗ്രീന്‍ ഗോള്‍ ചാലഞ്ച് കോളേജുകളില്‍ സംഘടിപ്പിച്ചത്. പരിസര ശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്‌നോത്തരിയില്‍ ശരിയുത്തരം പറയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നറുക്കെടുപ്പിലൂടെ ലഭിക്കുന്ന മാലിന്യങ്ങളുടെ പേരുകള്‍ക്ക് അനുസരിച്ച് മാലിന്യ ശേഖരണ ബിന്നുകളുടെ നിറത്തില്‍ തയ്യാറാക്കിയ ഗോള്‍ പോസ്റ്റുകളിലേക്ക് ഗോളടിച്ചു കയറ്റുക എന്ന നൂതന ബോധവല്‍ക്കരണ പരിപാടിയാണ് ലോക കപ്പ് ആവേശ തിമര്‍പ്പിലുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംഘടിപ്പിച്ചത്.
നെഹ്‌റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, ഐ.എച്ച്.ആര്‍.ഡി കുമ്പളയില്‍ കുമ്പള ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ ഹാരിഫ്, കെ.എം.സി.ടി എന്‍ജിനീയറിംഗ് കോളേജില്‍ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ഗോള്‍ ചാലഞ്ചിലെ വിജയികള്‍ക്കുളള സമ്മാനങ്ങള്‍ ഐ.എച്ച്.ആര്‍.ഡി കുമ്പളയില്‍ കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബല്‍ക്കീസ്, കെ.എം.സി.ടി എന്‍ജിനീയറിംഗ് കോളേജില്‍ ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി. ഷങ്കരയും നല്‍കി. ശുചിത്വ മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ പി.ജയന്‍, എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡര്‍ കെ.വി മുഹമ്മദ് മദനി, ശുചിത്വ മിഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




