തുടര്‍ നീക്കങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.
കണ്ണൂര്‍ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അറസ്റ്റിലായ പ്രതി ഡോക്ടര്‍ റാമിനെ കോടതി വിട്ടയച്ചത് ക്രൈം ബ്രാഞ്ചിന്റെ ഗുരുതര വീഴ്ച കാരണം. റാമിന്റെ അറസ്റ്റില്‍ അന്വേഷണ സംഘത്തിന് വീഴ്ച പറ്റി. അറസ്റ്റിന്റെ കാരണം രേഖാ മൂലം പ്രതിയെ അറിയിക്കുന്നതിലാണ് വീഴ്ചയുണ്ടായത്. അറസ്റ്റ് വിവരം പബ്ലിക് പ്രോസിക്യൂട്ടറെ അറിയിക്കാന്‍ വൈകിയെന്നും ആരോപണമുയര്‍ന്നു. തുടര്‍ നീക്കങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനും തീരുമാനം.
നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് പ്രതിയുടെ അറസ്റ്റെന്ന് ചൂണ്ടിക്കാട്ടി കോടതി ഡോ. റാമിനെ വിട്ടയച്ചിരുന്നു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. എന്നാല്‍, കോടതി വിട്ടയച്ചതിന് പിന്നാലെ റാമിനെ വീണ്ടും ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. കോടതി വളപ്പില്‍ നിന്ന് ബലം പ്രയോഗിച്ചാണ് ക്രൈം ബ്രാഞ്ച് റാമിനെ കസ്റ്റഡിയില്‍ എടുത്തത്. ക്രൈംബ്രാഞ്ച് നടപടി നിയമ വിരുദ്ധമെന്ന് പ്രതി ഭാഗം അഭിഭാഷകന്‍ പ്രതികരിച്ചു. റാമിന്റെ അറസ്റ്റ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് കണ്ടാണ് കോടതി വിട്ടയച്ചതെന്ന് പ്രതിയുടെ അഭിഭാഷകന്‍ എം കിഷോര്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.




