19-ാം വയസ്സില്‍ നാവികന്‍; വിവാഹത്തിനായി ഒരുങ്ങിയ വീട്ടിലേക്കെത്തിയത് മരണവാര്‍ത്ത; നോവായി മലയാളി നാവികന്റെ വേര്‍പാട്

രണ്ട് മാസത്തിനകം വിവാഹം നടക്കാനിരിക്കെയാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്ത വാര്‍ത്ത എത്തുന്നത്

യുക്രൈനിലെ ഒഡേസ നഗരത്തിന് സമീപം റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മലയാളിയായ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനും കൊല്ലപ്പെട്ട വാര്‍ത്ത ഇന്നലെ പുറത്തുവന്നിരുന്നു. കാസര്‍കോട് സ്വദേശിയും എംവി ഗോള്‍ഡന്‍ ലിയോ എന്ന ചരക്കുകപ്പലിലെ നാവികനുമായ അഖില്‍ ജോയന്‍ (26) ആണ് മരിച്ചത്. ആക്രമണത്തില്‍ അഖിലിന് പുറമേ മറ്റ് മൂന്ന് ഇന്ത്യക്കാരും അഞ്ച് സിറിയന്‍ സ്വദേശികളും അടക്കം 10 ജീവനക്കാരാണ് മരണപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന എട്ട് പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
യുക്രൈനില്‍ നിന്ന് ചോളം കയറ്റി ഗിനി-ബിസാവു പതാകയേന്തി പുറപ്പെട്ട കപ്പലിന് നേരെ ഒഡേസ തുറമുഖത്ത് വെച്ചാണ് റഷ്യന്‍ സേനയുടെ ആക്രമണമുണ്ടായത്. കഴിഞ്ഞ ആറ് വര്‍ഷമായി ഈ കപ്പലില്‍ ജോലി ചെയ്തുവരികയായിരുന്ന അഖില്‍, ഉടന്‍ തന്നെ മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു. 19-ാം വയസ്സില്‍ മര്‍ച്ചന്റ് നേവിയില്‍ പ്രവേശിച്ച അഖില്‍, ഇലക്ട്രിക്കല്‍ ഷോപ്പ് ജീവനക്കാരനായ ജോയന്റെയും ഇന്‍ഷുറന്‍സ് ഏജന്റായ സാലിയുടെയും ഏക മകനാണ്.
രണ്ട് മാസത്തിനകം വിവാഹം നടക്കാനിരിക്കെയാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്ത വാര്‍ത്ത എത്തുന്നത്. ആലപ്പുഴ സ്വദേശിനിയായ യുവതിയുമായി മൂന്ന് മാസം മുന്‍പ് വിവാഹനിശ്ചയം കഴിഞ്ഞ്, ഒരു മാസം മുന്‍പാണ് അഖില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ഷിപ്പിംഗ് കമ്പനി അയച്ച ഇ-മെയിലിലൂടെയാണ് കുടുംബം വിവരമറിയുന്നത്. നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു അഖില്‍.

Scroll to Top