കാസര്‍കോട് ആസ്റ്റര്‍ മിംസില്‍ അത്യാധുനിക നട്ടെല്ല് ശസ്ത്രക്രിയ വിജയകരം

കാസര്‍കോട്: ജില്ലയില്‍ ശസ്ത്രക്രിയ രംഗത്ത് പുതിയ മുന്നേറ്റവുമായി കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രി. കടുത്ത നടുവേദനയും കാലുകളിലേക്ക് പടരുന്ന വേദനയും കാരണം ദൈനംദിന ജീവിതം ദുരിതത്തിലായിരുന്ന രോഗികള്‍ക്ക് ആശ്വാസമായി ആശുപത്രിയിലെ ഓര്‍ത്തോപീഡിക് ആന്‍ഡ് സ്‌പൈന്‍ സര്‍ജറി വിഭാഗത്തിലെ വിദഗ്ധരടങ്ങുന്ന മെഡിക്കല്‍ സംഘം ‘യൂണിലാറ്ററല്‍ ബൈപോര്‍ട്ടല്‍ എന്‍ഡോസ്‌കോപ്പിക് ഡിസ്‌കെക്ടമി’ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. കാസര്‍കോട് ഉര്‍ദൂര്‍, പൊയ്നാച്ചി സ്വദേശികളായ രോഗികള്‍ക്കാണ് ഈ സങ്കീര്‍ണ്ണ ചികിത്സാരീതി ജില്ലയിലാദ്യമായി വിജയകരമായി പ്രയോജനപ്പെടുത്തിയത്.

പരമ്പരാഗതമായി ചെയ്തുവരുന്ന ഓപ്പണ്‍ സര്‍ജറികളില്‍ നിന്നും തികച്ചും വ്യത്യസ്തമായി രോഗിക്ക് ഏറ്റവും കുറഞ്ഞ വേദനയും ആഘാതവും മാത്രം നല്‍കുന്ന ചികിത്സാരീതിയാണിത്. രണ്ട് ചെറിയ ദ്വാരങ്ങളിലൂടെ എന്‍ഡോസ്‌കോപ്പും അത്യാധുനിക ഉപകരണങ്ങളും കടത്തിവിട്ടാണ് നട്ടെല്ലിലെ തകരാറിലായ ഡിസ്‌ക് നീക്കം ചെയ്യുന്നത്. ക്യാമറയുടെ സഹായത്തോടെ പേശികളെയും കോശങ്ങളെയും മുറിച്ചുമാറ്റാതെ അതീവ കൃത്യതയോടെയാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. അതിനാല്‍ രക്തസ്രാവം കുറയ്ക്കാനും അണുബാധയ്ക്കുള്ള സാധ്യത പൂര്‍ണ്ണമായി ഒഴിവാക്കാന്‍ സഹായിക്കുന്നതോടൊപ്പം ശസ്ത്രക്രിയയ്ക്ക് ശേഷം അതേ ദിവസം തന്നെ പൂര്‍ണ ആരോഗ്യത്തോടെ ആശുപത്രി വിടാന്‍ സാധിക്കുന്നതാണ്. ഡിസ്‌ക് തെറ്റല്‍, നട്ടെല്ലിലെ സുഷുമ്‌നാ നാഡിയുടെ ചുരുക്കം തുടങ്ങി നട്ടെല്ലിനെ ബാധിക്കുന്ന സങ്കീര്‍ണ്ണമായ പല പ്രശ്‌നങ്ങള്‍ക്കും ഈ എന്‍ഡോസ്‌കോപ്പിക് ശസ്ത്രക്രിയ അതീവ ഫലപ്രദമാണ്.

നട്ടെല്ലിനെ ബാധിക്കുന്ന ഗുരുതരമായ രോഗാവസ്ഥകള്‍ക്ക് അത്യാധുനിക ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞത് ആരോഗ്യരംഗത്ത് വലിയൊരു നാഴികക്കല്ലാണെന്ന് സ്‌പൈന്‍ സര്‍ജന്‍ നല്‍കിയ സ്‌പൈന്‍ സര്‍ സിജന്‍ ഡോ. സുഹൃത് പ്രസാദ് പറഞ്ഞു. നട്ടെല്ലിന്റെ സ്വാഭാവിക ഘടനയ്ക്ക് യാതൊരുവിധ കേടുപാടുകളും വരുത്താതെ അതീവ സൂക്ഷ്മതയോടെയാണ് ഡിസ്‌കിലെ തകരാര്‍ പരിഹരിക്കാന്‍ ഈ നൂതന ചികിത്സാരീതിയിലൂടെ സാധിച്ചത്. ശസ്ത്രക്രിയയ്ക്ക് തൊട്ടുപിന്നാലെ തന്നെ രോഗികള്‍ക്ക് വേദനയില്ലാതെ സ്വയം നടക്കാന്‍ കഴിഞ്ഞുവെന്നത് ഈ ചികിത്സാരീതിയുടെ വേഗതയേറിയ ഫലപ്രാപ്തി തെളിയിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചികിത്സയ്ക്കായി മംഗലാപുരത്തെയും മറ്റ് ദൂരനഗരങ്ങളെയും ആശ്രയിച്ചിരുന്ന കാസര്‍കോട്ടെ ജനങ്ങള്‍ക്ക് പ്രാദേശികമായി തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദഗ്ധ പരിചരണം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കാസര്‍കോട് ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധീര്‍ ബാസുരി വ്യക്തമാക്കി. ആധുനികവും ശാസ്ത്രീയവുമായ ചികിത്സാ രീതികള്‍ സാധാരണക്കാരിലേക്ക് എത്തിക്കാനും മേഖലയിലെ ജനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ പരിചരണം പ്രാദേശികമായി ഉറപ്പാക്കാനും ആശുപത്രി എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് മാനേജ്മെന്റ് അധികൃതര്‍ അറിയിച്ചു.

Scroll to Top