സംസ്ഥാനത്ത് പവര്‍ കട്ട് എന്തുകൊണ്ട്? വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍, പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനം

വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി പ്രതിസന്ധിക്ക് കാരണം മഴക്കുറവാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കുമ്പോള്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒപ്പിട്ട ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വി ഡി സതീശന്‍ ആരോപിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ ആവശ്യകതയാണ് നിലവിലുള്ളത്. ഉപഭോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1000 മെഗാ വാട്ട് വര്‍ധന ഉണ്ടായി, എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മഴ കുറഞ്ഞു, ഡാമില്‍ വെള്ളം കുറഞ്ഞു, ദേശീയ വൈദ്യുതി വിപണിയില്‍ ആവശ്യത്തിന് വൈത്യുതി ഇല്ലാത്ത പ്രശ്‌നം എന്നിവ വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കിയത് എന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. കുറഞ്ഞ വിലക്ക് വൈദ്യുതി കിട്ടുന്ന കരാര്‍ റദ്ദാക്കിയ ശേഷം അദാനിയില്‍ നിന്ന് ഇടത് സര്‍ക്കാര്‍ കൂടിയ വിലക്ക് വൈദ്യുതി വാങ്ങി. ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതും ഉപഭോഗം മുന്‍വര്‍ഷത്തെക്കാള്‍ ആയിരം മെഗാ വാട്ട് കൂടിയതുമാണി പ്രതിസന്ധിക്ക് കാരണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒപ്പിട്ട ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതാണ് തിരിച്ചടിയായത്. ആ കരാര്‍ റദ്ദാക്കിയത് എന്തിനാണെന്ന് ഇതുവരെ അന്നത്തെ മുഖ്യമന്ത്രി, ഇന്നത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ല. അന്നത്തെ മന്ത്രിയും പറഞ്ഞിട്ടില്ലെന്നും സതീശന്‍ വിമര്‍ശിച്ചു. എല്ലാ സംസ്ഥാനങ്ങളും ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുകയാണ്. 200 മെഗാവാട്ട് വാങ്ങി. മറ്റൊന്നിന് കൂടി ശ്രമിക്കുന്നു. ഉയര്‍ന്ന വിലയ്ക്ക് വാങ്ങാന്‍ പോയില്ല. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന സമീപനമല്ല എടുത്തതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Scroll to Top