ദേരമ്പള്ള പാലം ഉടന്‍ പുനര്‍നിര്‍മ്മിക്കണം: എം.എല്‍. അശ്വിനി

ബേരികെ: മംഗല്‍പ്പാടി, മീഞ്ച ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ദേരമ്പള്ള കോണ്‍ക്രീറ്റ് പാലം തകര്‍ന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുനര്‍നിര്‍മ്മാണ നടപടികള്‍ ആരംഭിക്കാത്തത് ജനങ്ങളോടുള്ള കടുത്ത അനീതിയാണെന്ന് ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി പറഞ്ഞു.

മീഞ്ച പഞ്ചായത്തില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ദിവസേന ഈ പാലം ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത്. പാലം പ്രവര്‍ത്തനരഹിതമായതിനാല്‍ വെറും 600 മീറ്റര്‍ ദൂരെയുള്ള ബസ് സ്റ്റോപ്പിലെത്താന്‍ പോലും കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇത് വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.

ഇന്നലെ പാലം മുറിച്ചുകടക്കുന്നതിനിടെ സുഷ്മിത എന്ന യുവതി വെള്ളത്തില്‍ വീണ് ഒഴുക്കില്‍പ്പെട്ടിരുന്നു. പ്രദേശവാസിയായ ഉദയ് ഷെട്ടി സ്വന്തം ജീവന്‍ പണയം വെച്ചാണ് യുവതിയെ രക്ഷപ്പെടുത്തിയത്. അപകടത്തില്‍ യുവതിയുടെ ബാഗിലുണ്ടായിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ് എന്നിവ ഉള്‍പ്പെടെയുള്ള വിലപ്പെട്ട രേഖകളും ഉപകരണങ്ങളും ഒഴുക്കില്‍പ്പെട്ട് നഷ്ടമായി.

ഇത്തരം അപകടങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ദേരമ്പള്ള പാലം അടിയന്തരമായി പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയതായി എം.എല്‍. അശ്വിനി അറിയിച്ചു. ജനങ്ങളുടെ ജീവനും സുരക്ഷയും മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം ജ്യോതി പി. റൈ, മീഞ്ച പഞ്ചായത്ത് അംഗം ശാലിനി ബി. ഷെട്ടി, മുന്‍ പഞ്ചായത്ത് അംഗം വിനോദ് ജി., ബിജെപി ജില്ലാ കമ്മിറ്റി അംഗം പദ്മനാഭ റൈ, മുതിര്‍ന്ന പ്രവര്‍ത്തകരായ ഉദയകുമാര്‍, രത്നാകര്‍ ഷെട്ടി, സങ്കപ്പ ആള്‍വ, ദേവദാസ് എന്നിവര്‍ എം.എല്‍. അശ്വിനിക്കൊപ്പമുണ്ടായിരുന്നു.

Scroll to Top