സിജെപി പ്രക്ഷോഭത്തില്‍ അയഞ്ഞ് കേന്ദ്രസര്‍ക്കാര്‍; പ്രധാനമന്ത്രി ഗൗരവമായി കാണുന്നുണ്ട്, ചര്‍ച്ചയ്ക്ക് വന്നാല്‍ മറുപടിയുണ്ടാവുമെന്നും കേന്ദ്രമന്ത്രി ജെപി നദ്ദ


.
ദില്ലി: വിദ്യാര്‍ത്ഥികളുടെ പ്രശ്നം രാഷ്ട്രീയവത്ക്കരിക്കരുതെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നു. കോണ്‍ഗ്രസ് ഭരണത്തില്‍ ഛത്തീസ്ഘട്ടിലും ചോര്‍ന്നു. തമിഴ്‌നാട്ടിലും, പഞ്ചാബിലും, ബംഗാളിലുമൊക്കെ പേപ്പര്‍ ചോര്‍ന്നു. കേരളത്തില്‍ പി എസ് സി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നു. പിന്നെ എന്തുകൊണ്ട് കോണ്‍ഗ്രസ് സെലക്ടീവ് വിമര്‍ശനം നടത്തുന്നുവെന്ന് ജെപി നദ്ദ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

നിങ്ങളുടെ ഉദ്ദേശ്യം വിദ്യാര്‍ത്ഥികള്‍ക്ക് നീതി കിട്ടുകയെന്നതല്ല. അവരുടെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പാണ്. ഞങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് തയ്യാറാണ്. അവിടെ വിശദമായ ചര്‍ച്ച നടക്കട്ടെ. ആരൊക്കെയാണ് ഇതിന് പിന്നില്‍ എന്ന് തുറന്ന് കാട്ടപ്പെടട്ടേ. ചോദ്യപേപ്പര്‍ ചോര്‍ച്ച ഗുരുതരമായ വിഷയമാണെന്ന കാര്യത്തില്‍ സംശയമില്ല. പ്രതിപക്ഷം പറയുന്ന സമയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. ഇത് ഉത്തരവാദിത്തമുള്ള സര്‍ക്കാരാണ്. മോദിയുടെ നേതൃത്വത്തിലാണ് ഈ സര്‍ക്കാര്‍ മുന്‍പോട്ട് പോകുന്നത്. പ്രധാനമന്ത്രിയും വളരെ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്. ചര്‍ച്ച നടക്കട്ടെ സര്‍ക്കാരിന് മറുപടിയുണ്ടാകുമെന്നും നദ്ദ പറഞ്ഞു.

അതേസമയം, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരം ശക്തമാവുന്നതിനിടെ ആശുപത്രിയില്‍ നിന്നുള്ള ആദ്യ വീഡിയോ സന്ദേശം പുറത്തു വിട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക്. പ്രതിഷേധക്കാര്‍ക്കു മേലുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ പൊലീസ് അക്രമം അവസാനിപ്പിക്കണമെന്നും സോനം വാങ്ചുക് വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെ അധികാരപ്രയോഗം നടത്തരുത്. ഈ ആവശ്യങ്ങളില്‍ തീരുമാനമുണ്ടായാല്‍ മാത്രമേ നിരാഹാരം അവസാനിപ്പിക്കൂ എന്നും വാങ്ചുക്ക് വീഡിയോയില്‍ പറയുന്നു.

Scroll to Top