കേരളത്തിന്റെ ഒമര്‍ ഖയ്യാം എന്നറിയപ്പെടുന്ന പ്രശസ്ത സൂഫി കവിയും ആത്മീയ ചിന്തകനുമായ ഇച്ച മസ്താന്റെ സ്മരണ നിലനിര്‍ത്തുന്നതിനും അദ്ദേഹത്തിന്റെ സാഹിത്യ-സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനുമായി മൊഗ്രാല്‍പുത്തൂര്‍ പടിഞ്ഞാര്‍ സി-വ്യൂ റിസോര്‍ട്ടില്‍ വിപുലമായ അനുസ്മരണ സംഗമം സംഘടിപ്പിച്ചു. ഇച്ച മസ്താന്റെ ജന്മനാടായ മൊഗ്രാല്‍പുത്തൂരില്‍ അദ്ദേഹത്തിന് അര്‍ഹമായ സ്മാരകം നിര്‍മിക്കണമെന്ന ആവശ്യമാണ് സംഗമം മുന്നോട്ടുവെച്ചത്.
പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എ. അബ്ദുല്ല കുഞ്ഞി, പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകന്‍ അമീന്‍ ഷാ, കാസര്‍ഗോഡ് സാഹിത്യവേദി മുന്‍ സെക്രട്ടറി അഷ്‌റഫലി ചേരങ്കൈ, തനിമ ജില്ലാ പ്രസിഡന്റ് അബുതായി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്ത് സംസാരിച്ചു. ഇച്ച മസ്താന്റെ സാഹിത്യ സംഭാവനകളും സൂഫി പാരമ്പര്യവും കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം നേടേണ്ടതിന്റെ ആവശ്യകത അവര്‍ ചൂണ്ടിക്കാട്ടി.
മൊഗ്രാല്‍പുത്തൂരില്‍ ജനിച്ച ഇച്ച മസ്താന്‍ ആത്മീയതയും മാനവികതയും ജീവിതദര്‍ശനവും സമന്വയിപ്പിച്ച കവിതകളിലൂടെ മലയാള സാഹിത്യത്തില്‍ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച കവിയാണ്. ഏകദേശം 12,000-ത്തിലധികം കവിതകള്‍ അദ്ദേഹം രചിച്ചതായി വിലയിരുത്തപ്പെടുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ മലയാളത്തിലെ സൂഫി സാഹിത്യത്തിന്റെ അമൂല്യ സമ്പത്താണെന്നും, അവയെ കൂടുതല്‍ ഗവേഷണത്തിനും പഠനത്തിനും വിധേയമാക്കേണ്ടതുണ്ടെന്നും സംഗമത്തില്‍ അഭിപ്രായമുയര്‍ന്നു.
ഇച്ച മസ്താന്റെ സ്മരണയ്ക്കായി മൊഗ്രാല്‍പുത്തൂരില്‍ സ്മാരകം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് യോഗത്തില്‍ അറിയിച്ചു. സ്മാരക നിര്‍മാണത്തിനായി അനുയോജ്യമായ സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അറിയിച്ചു. സ്മാരകത്തോടൊപ്പം ഇച്ച മസ്താന്റെ ജീവിതവും കൃതികളും പരിചയപ്പെടുത്തുന്ന പഠന-ഗവേഷണ കേന്ദ്രവും ലൈബ്രറിയും ഒരുക്കുന്നതിനുള്ള സാധ്യതകളും പരിഗണിക്കണമെന്ന് പങ്കെടുത്തവര്‍ നിര്‍ദേശിച്ചു.
ഇച്ച മസ്താന്റെ സ്മരണ സംരക്ഷിക്കുന്നത് ഒരു കവിയെ ആദരിക്കുന്നതിലുപരി കേരളത്തിന്റെ സൂഫി പാരമ്പര്യവും പ്രാദേശിക ചരിത്രവും വരുംതലമുറയ്ക്ക് കൈമാറാനുള്ള സാംസ്‌കാരിക ദൗത്യമാണെന്ന് യോഗം വിലയിരുത്തി. ഇത്തരത്തിലുള്ള സംരംഭങ്ങള്‍ക്ക് സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാകണമെന്നും യോഗം ആഹ്വാനം ചെയ്തു.
പരിപാടിയില്‍ എം. എ. നജീബ് അധ്യക്ഷത വഹിച്ചു. മൂസാ ബാസിത് സ്വാഗതവും ജാബിര്‍ കുന്നില്‍ നന്ദിയും പറഞ്ഞു . കെ. എം. ഇര്‍ഷാദ് മോഡറേറ്ററായിരുന്നു.
അബ്ദുള്ള കുഞ്ഞി മൊഗ്രാല്‍, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്‍ഫാന നജീബ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ മാഷിത മുഹമ്മദ്, ഫൗസിയ സൈനുദ്ധീന്‍, അമീര്‍ കോട്ടക്കുന്ന്, ജമാല്‍ ബള്ളൂര്‍, ധര്‍മ്മപാലന്‍, സെമീന സിദ്ദീഖ്, സിദ്ദീഖ് ബേക്കല്‍, ഹമീദ് മാസ്റ്റര്‍, എരിയാല്‍ മുഹമ്മദ് കുഞ്ഞി, കരീം ചൗക്കി, അംസു മേനത്ത്, സിദ്ദിഖ് ചക്കര, ഷെഫീഖ് പീബീസ്, ബഷീര്‍ പടിഞ്ഞാര്‍, അബൂബക്കര്‍ പടിഞ്ഞാര്‍, അബ്ബാസ് മൊഗര്‍ , നെഹ്റു കടവത്ത്, കാദര്‍ കടവത്ത്, മിദ്ലാജ് ലോട്ടസ്, അഷ്റഫ് മഠത്തില്‍ , ജംഷീര്‍ കടവത്ത്, ഇര്‍ഷാദ് എരിയാല്‍, അല്‍ത്താഫ് ചൗക്കി, വസീം പുത്തൂര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു




