സ്വര്‍ണം വീണ്ടും തട്ടിയെടുക്കാനും 2019ലെ സ്വര്‍ണക്കൊള്ള മറയ്ക്കാനുമാണ് 2025ല്‍ വീണ്ടും സ്വര്‍ണപ്പാളികള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു
ശബരിമല സ്വര്‍ണകൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനും ബോര്‍ഡംഗം അജികുമാറിനും എതിരെ ഗുരുതര ആരോപണങ്ങളുമായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). 2025ലെ സ്വര്‍ണം പൂശലിന്റെ മറവിലും സ്വര്‍ണക്കൊള്ള നടന്നു. ദ്വാരപാലക ശില്പങ്ങളുടെ താങ്ങുപീഠങ്ങളില്‍ നിന്നാണ് സ്വര്‍ണം അപഹരിക്കപ്പെട്ടത്. ഇത്തരത്തില്‍ സ്വര്‍ണം വീണ്ടും തട്ടിയെടുക്കാനും 2019ലെ സ്വര്‍ണക്കൊള്ള മറയ്ക്കാനുമാണ് 2025ല്‍ വീണ്ടും സ്വര്‍ണപ്പാളികള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, മുരാരി ബാബു എന്നിവരുമായി പി എസ് പ്രശാന്തും അജികുമാറും നേരിട്ട് ഗൂഢാലോചന നടത്തിയാണ് വീണ്ടും സ്വര്‍ണം പൂശാന്‍ തീരുമാനിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണപ്പാളികള്‍ സന്നിധാനത്തുനിന്ന് കൊണ്ടുപോയത് വ്യാജ കരാര്‍ ഉണ്ടാക്കിയാണ്. ഇതിനുള്ള എല്ലാ ഒത്താശയും ദേവസ്വം ബോര്‍ഡ് ചെയ്‌തെന്നുമാണ് എസ്‌ഐടിയുടെ ആരോപണം. പ്രശാന്തിനെയും അജികുമാറിനെയും റിമാന്‍ഡ് ചെയ്യാനായി കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
17-ാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്, ദേവസ്വം ബോര്‍ഡ് അംഗമായ 18-ാം പ്രതി എ അജികുമാര്‍ എന്നിവര്‍ മറ്റു പ്രതികള്‍ ചെയ്ത കുറ്റകൃത്യം മറച്ചു വയ്ക്കുന്നതിനു സഹായകരമായി ബോര്‍ഡ് ഉത്തരവ് ഇറക്കി. അതുമൂലം ദ്വാരപാലക താങ്ങുപീഠപാളികളില്‍നിന്നും വീണ്ടും സ്വര്‍ണം അപഹരിച്ചെടുക്കുന്നതിന് ഒത്താശ ചെയ്യുക വഴി ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും 12-ാം പ്രതി പങ്കജ് ഭണ്ഡാരിക്കും അനര്‍ഹമായ ലാഭം ഉണ്ടാക്കി നല്‍കി എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.




