ലഹരി മാഫിയയുമായി ചര്‍ച്ചയില്ല, മാഫിയയുടെ ഉന്മൂലനം മാത്രം ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഓപ്പറേഷന്‍ തൂഫാന്‍ ജില്ലാതല ഉദ്ഘാടനം നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസില്‍ നടന്നു

ലഹരി മാഫിയയുമായി ചര്‍ച്ചയ്ക്ക് ഇല്ലെന്നും മാഫിയയുടെ ഉന്മൂലനാശം മാത്രമാണ് ലക്ഷ്യമെന്നും ആഭ്യന്തരം, വിജിലന്‍സ്, കയര്‍ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പൊലീസ് സംഘടിപ്പിച്ച ഓപ്പറേഷന്‍ തൂഫാന്‍ ജാഗരന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച്, സംസാരിക്കുകയായിരുന്നു മന്ത്രി. കാസര്‍കോടിന്റെ മണ്ണില്‍ ലഹരി അനുവദിക്കില്ല. സംസ്ഥാന അതിര്‍ത്തികളില്‍ തൂഫാന്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. ലഹരി മാഫിയയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കാപ്പ ചുമത്തുകയും സ്വത്തുക്കള്‍ കണ്ടു കെട്ടുകയും ചെയ്യും. മയക്കുമരുന്നിനെതിരെ കാഞ്ഞങ്ങാട് കഴിഞ്ഞവര്‍ഷം പരിപാടി സംഘടിപ്പിച്ചിരുന്നു. കോരിച്ചൊരിയുന്ന മഴയിലും അന്ന് ആയിരങ്ങള്‍ പങ്കെടുത്തു. അന്നേ തീരുമാനിച്ചതാണ് 14 ജില്ലകളിലും ലഹരി മാഫിയയ്ക്കെതിരെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും ലഹരി മാഫിയുടെ വേരറുക്കുമെന്നും. അങ്ങനെ ഒരു അവസരം സര്‍ക്കാര്‍ അധികാരത്തില്‍ വന്ന്, ഓപ്പറേഷന്‍ തൂഫാനിലൂടെ കൈവന്നിരിക്കുകയാണ്.

കാസര്‍കോട് മേല്‍പറമ്പ് മൈലാട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സ്ഥാപനത്തില്‍ ജില്ലാ പോലീസ്സ് സൂപ്രണ്ടിന്റെ നിര്‍ദേശത്തില്‍ പരിശോധന നടത്തിയപ്പോള്‍ പുറമേ ക്ലീന്‍ കമ്പനി എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഉള്ളില്‍ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ലഹരി മിഠായികള്‍ ആയിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കാനി രുന്ന ഈ സ്ഥാപനത്തെ നിയമം വഴി തളയ്ക്കാനും 16 പേരെ അറസ്റ്റ് ചെയ്യാനും സാധിച്ചു അതില്‍ നാല് പേര്‍ ഇപ്പോഴും ജയിലിലാണ്.

ഓപ്പറേഷന്‍ തൂഫാനെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നത് അമ്മമാരാണ്. അമ്മമാര്‍ ദിവസേന അയയ്ക്കുന്ന കത്തുകളിലൂടെയും ഫോണ്‍വിളികളിലൂടെയും ഫോണ്‍ സന്ദേശങ്ങളിലൂടെയും ഇത് മനസ്സിലാക്കാന്‍ ആകുമെന്നും ചെന്നിത്തല പറഞ്ഞു. ലോകത്തെ കുപ്രസിദ്ധ മാഫിയ സംഘങ്ങള്‍ സ്വന്തമായി മാരക ലഹരി ഉപയോഗിക്കാറില്ല. സ്വന്തം വീട്ടില്‍ ലഹരി ഉപയോഗിക്കാതെ മറ്റുള്ളവര്‍ക്ക് നല്‍കി, അവരുടെ ഭാവി നശിപ്പിച്ചു കോടീശ്വരന്മാര്‍ ആകുകയാണ് പല മയക്കുമരുന്ന് കച്ചവടക്കാരും. ഇത് സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

തൂഫാന്‍ മയക്കുമരുന്ന് കച്ചവടക്കാര്‍ക്ക് പേടിസ്വപ്നമായെന്ന് ചടങ്ങില്‍ പങ്കെടുത്ത രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും കാവല്‍ക്കാരായ ഭാവി തലമുറയെ സുരക്ഷിതമാക്കണമെങ്കില്‍ ലഹരിയെ സമൂഹത്തില്‍ നിന്ന് വേരറക്കണമെന്നും അദ്ദേഹം പറഞ്ഞു. കല്ലട്ര മാഹിന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

സ്‌കൂളില്‍ എത്തിയ ആഭ്യന്തരമന്ത്രി പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രി തൂഫാന്‍ പതാക ഉയര്‍ത്തി. സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളും എന്‍.സി.സി, എന്‍.എസ്.എസ് കുട്ടികളും പങ്കെടുത്തു. ലഹരിക്കെതിരെയുള്ള പോരാട്ടം പ്രതീകത്മകമായി കാണിക്കാന്‍ ‘ലഹരി’ എന്നെഴുതിയ ബോക്സിങ് പഞ്ച് ബാഗില്‍ മന്ത്രി പഞ്ച് ചെയ്തു. തൂഫാന്‍ നാള്‍വഴികള്‍ വീഡിയോ പ്രദര്‍ശനത്തിലൂടെയാണ് ചടങ്ങ് ആരംഭിച്ചത്. ചടങ്ങില്‍ മെന്റലിസ്റ്റ് പ്രീത് അവതരിപ്പിച്ച തൂഫാന്‍ സന്ദേശ മെന്റലിസം ഷോ ഉണ്ടായിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കണ്ണൂര്‍ റെയിഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് കെ.കാര്‍ത്തിക് തൂഫാന്‍ സന്ദേശം നല്‍കി.

പരിപാടിയില്‍ മാലിക് ദിനാര്‍ ജുമാ മസ്ജിദ് ഇമാം അബ്ദുല്‍ മജീദ് ബാഖവി, ചെര്‍ക്കള മാര്‍ത്തോമാ സ്‌കൂളിലെ ഫാദര്‍ ജോര്‍ജ് വര്‍ഗീസ് വിനു, പ്രശസ്ത സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട് പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് ഫിദ ഉജും പദവ്, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ.കെ എന്‍ കുറുപ്പ്, വേദിയിലെ എം.എല്‍.മാര്‍ ജനപ്രതിനിധികള്‍ എന്നിവര്‍ ആഭ്യന്തരമന്ത്രിയില്‍ നിന്നും തൂഫാന്‍ ബാഡ്ജ് ഏറ്റുവാങ്ങി. പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍ അബ്ദുള്ള കുഞ്ഞിയെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. തൂഫാന്‍ വാരിയര്‍ പോസ്റ്റര്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ അഷ്റഫ് കുതിരപ്പാറയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.ഇനി മുതല്‍ ജില്ലയിലെ എല്ലാ ഓട്ടോകളിലും തൂഫാന്‍ വാരിയര്‍ പോസ്റ്റര്‍ ഉണ്ടാകും.

എം.എല്‍.എമാരായ എ.കെ.എം അഷ്റഫ്, അഡ്വക്കേറ്റ് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സന്ദീപ് വാര്യര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജാക്കോട്, എന്നിവര്‍ സംസാരിച്ചു. ജില്ലാ പോലീസ് മേധാവി പി.നിധിന്‍ രാജ് സ്വാഗതവും അഡീഷണല്‍ എസ്.പി ആര്‍.സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു. മയക്കുമരുന്ന് വിപത്തിനെ സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കി യുവതലമുറയെ സംരക്ഷിക്കുന്നതിനായി ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തില്‍ കേരള പോലീസ് നടപ്പാക്കുന്ന ജനകീയ മയക്കുമരുന്ന് വിരുദ്ധ ദൗത്യമാണ് ഓപ്പറേഷന്‍ തൂഫാന്‍. പോലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ ദൗത്യവും മയക്കുമരുന്ന് വേട്ടയുമായി മുന്നേറുകയാണ്. ടി.ഐ.എച്ച്.എസ്.എസിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് ക്ലാസിന്റെ ഉദ്ഘാടനവും ആഭ്യന്തരമന്ത്രി നിര്‍വഹിച്ചു. 120 ഓളം കുട്ടികള്‍ ക്ലാസില്‍ പങ്കെടുത്തു.

Scroll to Top