പ്രിയദര്‍ശിനി സര്‍വീസുകളില്‍ തട്ടിപ്പ് കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ജീവനക്കാര്‍ക്കെതിരെ ഉടന്‍ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി നിര്‍ദേശം നല്‍കി
കൊച്ചി: പ്രിയദര്‍ശിനി സര്‍വീസുകളില്‍ തട്ടിപ്പ് കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ജീവനക്കാര്‍ക്കെതിരെ ഉടന്‍ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി നിര്‍ദേശം നല്‍കി. തിങ്കളാഴ്ച ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഓര്‍ഡിനറി ബസുകളില്‍ ആറ് ക്രമക്കേടുകള്‍ കൂടി കണ്ടെത്തിയതായി വിജിലന്‍സ് വിഭാഗം യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രിയദര്‍ശിനി സര്‍വീസുകളിലെ യാത്രക്കാരുടെ എണ്ണവും കളക്ഷനും ഓരോ ഡിപ്പോയും അതത് ദിവസം പ്രത്യേകം രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം. പരമാവധി ഓര്‍ഡിനറി ബസുകള്‍ പരിശോധിക്കാന്‍ വിജിലന്‍സ് സ്‌ക്വാഡുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി വിജിലന്‍സ് ഓഫീസര്‍ അറിയിച്ചു.
പ്രിയദര്‍ശിനി ടിക്കറ്റുകളുടെ എണ്ണവും ആകെ ടിക്കറ്റ് നിരക്കും എല്ലാ ദിവസവും രേഖപ്പെടുത്തണമെന്ന് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. രേഖപ്പെടുത്തിയ വിവരങ്ങള്‍ ടിക്കറ്റ് ആന്‍ഡ് കാഷ് സൂപ്രണ്ടും ഓഡിറ്റ് സൂപ്രണ്ടും പരിശോധിച്ച് ഒപ്പുവെക്കണം. പ്രതിദിന കളക്ഷന്‍ രേഖപ്പെടുത്തുന്ന സി-ഡിറ്റ് പ്രോഗ്രാമിലും വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണം. ഇതില്‍ വീഴ്ച വരുത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതിനൊപ്പം അച്ചടക്ക നടപടിയും സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.




