ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. രേഖ കെ.ടി നിര്‍വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ധന്യ ദയാനന്ദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.ആരതി രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. കെ.എന്‍.പി സുരക്ഷാ പ്രോജക്റ്റ് മാനേജര്‍ ഷൈജ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ഡെപ്യൂട്ടി ജില്ല എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.പി ഹസീബ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ സെമിനാറില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.അജയ് രാജന്‍, ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ.സന്തോഷ്.കെ, പുലരി കൗണ്‍സിലര്‍ അലീന എന്നിവര്‍ ബോധവത്കരണ ക്ലാസ് നയിച്ചു. ബോധവത്കരണ സെമിനാറില്‍ പാന്‍ ടെക്, കെ.എന്‍.പി, സി.ആര്‍.ഡി സുരക്ഷാ പ്രൊജക്റ്റ് ജീവനക്കാരും വിവിധ ഗുണഭോക്താക്കളും പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യം ദൗത്യം, കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള്‍ സൊസൈറ്റി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഹെപ്പെറ്റൈറ്റിസ് ബി.രോഗാണുവിനെ കണ്ടെത്തുകയും രോഗനിര്‍ണയത്തിനായുള്ള പരിശോധന, പ്രതിരോധ കുത്തിവയ്പ് എന്നിവ കണ്ടെത്തുകയും ചെയ്ത നോബല്‍ സമ്മാന ജേതാവായ ശാസ്ത്രജ്ഞന്‍ ഡോ. ബറൂച്ച് ബ്ലുംബര്‍ഗിന്റെ ജന്മദിനമായ ജൂലൈ 28 ആണ് ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്. ‘ഹെപ്പറ്റൈറ്റിസ്: നമുക്ക് പരിഹരിക്കാം’ എന്നതാണ് 2026 ലെ ദിനാചരണ സന്ദേശം. ഹെപ്പറ്റൈറ്റിസ് കണ്ടെത്താനും, ചികിത്സിക്കാനും, പ്രതിരോധിക്കാനുമുള്ള ധാരാളം സംവിധാനങ്ങള്‍ ഇന്ന് നിലവിലുണ്ട്. അവ ശരിയായി ഉപയോഗിക്കുന്നതിലൂടെ ആയിരക്കണക്കിന് ജീവന്‍ രക്ഷിക്കാനും കരള്‍ രോഗങ്ങള്‍ തടയാനും സാധിക്കും.
ഹെപ്പെറ്റെറ്റിസ് എയും ഇയും മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. എന്നാല്‍ ഹെപ്പെറ്റെറ്റിസ് ബിയും സിയും രോഗബാധയുള്ള ആളുടെ രക്താംശമുള്ള ശരീര സ്രവങ്ങളിലൂടെയാണ് മറ്റൊരാളിലേക്ക് പകരുന്നത്. ഹെപ്പറ്റൈറ്റിസ്- ബി, സി, ഡി. എന്നിവയുടെ പ്രധാന ലക്ഷണങ്ങള്‍ ക്ഷീണം, സന്ധിവേദന, ഇടവിട്ടുള്ള പനി, തലക്കറക്കം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, വയറുവേദന, വയറിളക്കം, ശരീരത്തിന് മഞ്ഞനിറം, മൂത്രത്തിന് കടുത്ത നിറം തുടങ്ങിയവയാണ്. ഹെപ്പറ്റൈറ്റിസ് ബിയ്ക്ക് രോഗസാധ്യത കൂടുതലുള്ള വിഭാഗത്തിലുള്ളവര്‍ക്ക് രോഗനിര്‍ണയം നടത്തി രോഗമില്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാണ്. ആരോഗ്യപ്രവര്‍ത്തകര്‍, പതിവായി ഡയാലിസിസിന് വിധേയമാകുന്നവര്‍ ഈ കുത്തിവയ്പ്പ് എടുത്തിരിക്കേണ്ടതാണ്. ഹെപ്പറ്റൈറ്റിസ്-ബിയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് ഹെപ്പറ്റൈറ്റിസ് ഡിയ്ക്കെതിരെയും സുരക്ഷ നല്‍കും.
രോഗബാധിതയായ അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് ഹെപ്പറ്റൈറ്റിസ് ബി പകരുന്നത് തടയാന്‍ നവജാത ശിശുവിന് ജനനസമയത്തു തന്നെ ഇമ്മുണോഗ്ലോബുലിന്‍ നല്‍കുന്നതിനുള്ള സൗകര്യം പ്രസവം നടക്കുന്ന ആശുപത്രികളില്‍ ലഭ്യമാണ്. ഗര്‍ഭിണികള്‍ക്ക് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും, പ്രസവ സൗകര്യമുള്ള ആശുപത്രികളിലും ഹെപ്പറ്റൈറ്റിസ് ബി, സി രോഗനിര്‍ണ്ണയവും ചികിത്സയും സൗജന്യമായി ലഭ്യമാണ്.
ഹെപ്പെറ്റൈറ്റിസ് ബി-യ്ക്കും സി-യ്ക്കും ചികിത്സയ്ക്കുള്ള മരുന്നുകള്‍ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ സൗജന്യമായി ലഭ്യമാണ്. നിലവില്‍ സംസ്ഥാനത്ത് 37 ആശുപത്രികളില്‍ ചികിത്സ ലഭ്യമാണ്. ഈ കേന്ദ്രങ്ങളിലായി ഹെപ്പറ്റൈറ്റിസ് -ബി ചികിത്സയ്ക്ക് 2021- 22ല്‍ 697 പേരും, 2022- 23ല്‍ 969 പേരും, ഹെപ്പറ്റൈറ്റിസ് -സി ചികിത്സയ്ക്ക് 2021 -22 ല്‍ 276 പേരും, 2022 -23 ല്‍ 477 പേരും പുതിയതായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ 2122 ഹെപ്പറ്റൈറ്റിസ് -ബി ബാധിതര്‍ക്ക് ചികിത്സയും, തുടര്‍ ചികിത്സയും നല്‍കുന്നുണ്ട്.




