മാതാപിതാക്കളുടെ പ്രശ്നങ്ങള്‍ കുട്ടികളെ സാരമായി ബാധിക്കുന്നു, കരുതല്‍ വേണം: വനിതാ കമ്മീഷന്‍ അംഗം അഡ്വ:പി കുഞ്ഞായിഷ

എട്ട് പരാതികള്‍ തീര്‍പ്പാക്കി വനിതാ കമ്മീഷന്റെ ജില്ലാതല സിറ്റിംഗ്

വിവാഹ ബന്ധത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ വ്യക്തിയുടെ മാത്രം പ്രശ്നമല്ലാതാകുന്ന രീതിയില്‍ സാമൂഹ്യ വിപത്തായി മാറുന്നുവെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി.കുഞ്ഞായിഷ. കാസര്‍കോട് കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗം. സിറ്റിങ്ങില്‍ 36 പരാതികളില്‍ എട്ടു പരാതികള്‍ തീര്‍പ്പാക്കി,നാലു പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിനായി മാറ്റി 24 എണ്ണം അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്നങ്ങള്‍ കുട്ടികളുടെ മാനസിക ആരോഗ്യത്തെ ഏറെ ബാധിക്കുന്നുണ്ടെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. ഇത് വലിയ സാമൂഹ്യ വിപത്തായി മാറുന്നുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു. പരസ്പരം സഹിഷ്ണുതയില്ലായ്മ, വിശ്വാസക്കുറവ് സാമ്പത്തിക സമ്മര്‍ദ്ദം, മൂന്നാം കക്ഷിയുടെ ഇടപെടല്‍ എന്നീ ഘടകങ്ങള്‍ വിവാഹബന്ധത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കുന്നു. ഇതിന് ശക്തമായ സാമൂഹ്യ ബോധവല്‍ക്കരണം ആവശ്യമാണ്. എന്നാല്‍ പലരും കൗണ്‍സിലിങ്ങിന് വിധേയരാകാന്‍ വിസമ്മതിക്കുന്ന അവസ്ഥയും ഉണ്ട്.

പ്രായമായവരെ പുറന്തള്ളുകയും അവര്‍ക്ക് ഭക്ഷണവും ചികിത്സയും മരുന്നും നിഷേധിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവണതകളും സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്നു. ഭര്‍ത്താക്കന്മാര്‍ മരണപ്പെട്ടുപോകുന്ന സാഹചര്യത്തില്‍ പല നിയമപരമായ ആനുകൂല്യങ്ങളും സ്ത്രീക്ക് കുടുംബത്തില്‍ നിന്ന് നിഷേധിക്കപ്പെടുന്നു. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കല്‍ സ്വത്ത് തട്ടിയെടുക്കല്‍ വീട്ടിലുള്ള അവകാശങ്ങള്‍ തടയുക പോലുള്ള ഭീഷണികളും സ്ത്രീകള്‍ കുടുംബത്തില്‍ നിന്ന് നേരിടുന്നു. ഏകാന്തതയും അവഗണനയും നിസ്സഹായാവസ്ഥയും മൂലം രോഗമില്ലാത്ത സ്ത്രീകള്‍ക്ക് പോലും അനാരോഗ്യം ഉണ്ടാകുന്നു. ഇത്തരം സ്ത്രീകള്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ പരിഗണന ആവശ്യമാണ്. കമ്മീഷന്റെ സിറ്റിങ്ങില്‍ തീര്‍പ്പാക്കിയ പരാതികളില്‍ അധികവും കുടുംബ പ്രശ്നങ്ങളും സ്വത്തു തര്‍ക്കങ്ങളും അയല്‍വാസികളുമായി ബന്ധപ്പെട്ട പരാതികളും ആയിരുന്നു. കമ്മീഷന്‍ ജീവനക്കാരായ അഫ്സല്‍ റാഫി, സതീഷ് കുമാര്‍ എന്നിവരും സിറ്റിങില്‍ പങ്കെടുത്തു.

Scroll to Top