ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 60 ദിവസമായിട്ടും ജാമ്യമില്ല, പ്രതികള്‍ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്

ഏഴ് പ്രതികളാണ് ജാമ്യം തേടി ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയിലെ മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകരുടെ നിരയെയാണ് വാദത്തിനായി പാര്‍ട്ടി ഇറക്കുന്നത്. എന്നാല്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിനെയക്കം എത്തിച്ച് ജാമ്യ ഹര്‍ജിയെ ശക്തമായി എതിര്‍ക്കാനാണ് ഇഡിയുടെ നീക്കം.
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 60 ദിവസം ജയിലില്‍ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്. ഏഴ് പ്രതികളാണ് ജാമ്യം തേടി ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയിലെ മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകരുടെ നിരയെയാണ് വാദത്തിനായി പാര്‍ട്ടി ഇറക്കുന്നത്. എന്നാല്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിനെയക്കം എത്തിച്ച് ജാമ്യ ഹര്‍ജിയെ ശക്തമായി എതിര്‍ക്കാനാണ് ഇഡിയുടെ നീക്കം.

ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ രണ്ടാഴ്ചക്കുള്ളില്‍ ജാമ്യം പ്രതീക്ഷിച്ച സിപിഎം പ്രവര്‍ത്തകര്‍ക്ക് കന്നത്ത തിരിച്ചടിയാണ് കോടതിയിലുണ്ടായത്. 60 ദിവസത്തിലേറെയായി ജാമ്യം ലഭിക്കാതെ ജയിലിലാണ് 24 പ്രവര്‍ത്തകര്‍. രണ്ട് വട്ടം സെഷന്‍സ് കോടതി ജാമ്യ ഹര്‍ജി തള്ളി. സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാന്‍ ഭാഗീക കുറ്റപത്രം നല്‍കാന്‍ അന്വേഷണ സംഘവും നീക്കം നടത്തുന്നു. അങ്ങനെ വന്നാല്‍ ജയലില്‍ നിന്ന് ഉടനൊന്നും പുറത്തിറങ്ങാനുമാകില്ല. ഇഡിയും കേസില്‍ കക്ഷി ചേര്‍ന്ന് ശക്തമായ നീക്കമാണ് കേസില്‍ നടത്തുന്നത്. ഇതോടെയാണ് ആദ്യമായി പ്രതികള്‍ ഹൈക്കോടതിയിലേക്കെത്തിയത്. 5 ആം പ്രതി ശ്രീജിത്ത്, 7-ാം പ്രതി അനില്‍കുമാര്‍, ഷഫീഖ്, കിരണ്‍, നിഷാദ് ജീവന്‍ അടക്കമുള്ള 7 പേര്‍ ഇതിനകം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതികള്‍ക്കായി മുന്‍ ഡിജിപി ടിഎ ഷാജി, എജി ഗോപാലകൃഷ്ണന്‍ കുറുപ്പ്, മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകരായ വിജയഭാനും, എസ് രാജീവ് അടക്കം പ്രമുഖരുടെ നിരയാണ് കോടതിയില്‍ ഹാജരാകുന്നത്. മാധ്യമ വാര്‍ര്‍ത്തകള്‍ അടിസ്ഥാനമാക്കിയാണ് പലരെയും പ്രതിയാക്കിയത്, വധശ്രമം ചുമത്തേണ്ട കുറ്റമില്ല, ആര്‍ക്കും ഗുരുതര പരിക്കില്ല, ആയുധം ഉപയോഗിച്ചില്ല, തിരിച്ചറിയല്‍ പരേഡ് നടത്തിയില്ല അടക്കമാണ് പ്രതികളുടെ വാദം. കേസിന്റെ ഗുരുതരാവസ്ഥ കൂട്ടുന്നതിനാണ് വധശ്രമം ചുമത്തിയതെന്നും നിസാര പരിക്ക് മാത്രമേ ഡ്രൈവര്‍ക്ക് ഉണ്ടായിട്ടുള്ളൂവെന്നും ഹര്‍ജിക്കാര്‍ പറയുന്നു.

കേസില്‍ ഇഡി എതിര്‍ കക്ഷിയാണെങ്കിലും ഹൈക്കോടതിയില്‍ പല കേസിലും ഇഡിയെ കക്ഷിയാക്കാതെയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. നാളെ മുതല്‍ അടുത്ത മാസം 4 വരെ പല ദിവസങ്ങളിലായി ഹര്‍ജി ഹൈക്കോടതി പരിഗണിക്കും. കേസില്‍ അസി. സോളിസിറ്റര്‍ ജനറലിനെയടക്കം എത്തിച്ച് ജാമ്യ ഹര്‍ജിയെ ശക്തമായി എതിര്‍ക്കാനാണ് ഇഡി തീരുമാനം. നേരത്തെ പോലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായി പ്രോസിക്യൂട്ടര്‍ കോടതിയില്‍ നിലപാടെടുത്തതിനെ തുടര്‍ന്ന് ഒരു പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. ഈ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാറിന്റെ ഹര്‍ജിയും ഹൈക്കോടതി പരിഗണനയിലാണ്.

Scroll to Top