ദില്ലി: ദില്ലി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ്. തന്റെ ഫോണ്‍ പൊലീസ് ട്രാക്ക് ചെയ്യുന്നുവെന്നും എവിടെയുണ്ട് എന്ന് കണ്ടെത്തി കൃത്യമായി ഫോളോ ചെയ്യുന്നുവെന്നും ഐഷി ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു. നിരന്തരം കേസുമായി ബന്ധപ്പെട്ട് പൊലീസുമായി സമ്പര്‍ക്കത്തിലിരിക്കെ ആണ് പെട്ടെന്നുള്ള അസാധാരണമായ നടപടി. വിദ്യാര്‍ത്ഥികള്‍ നിരന്തരം സര്‍ക്കാരിന്റെ നിരീക്ഷണത്തില്‍ ആണെന്നും ഐഷി ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ഐഷി ഘോഷിനെ പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് കയറി അറസ്റ്റ് ചെയ്യാന്‍ ദില്ലി പൊലീസ് ശ്രമിച്ചത്. ഈ നടപടി വിവാദത്തിലായിരുന്നു. ദില്ലി പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ മഫ്തിയിലെത്തിയാണ് അറസ്റ്റിന് ശ്രമിച്ചത്. യൂണിഫോം ധരിച്ചിരുന്നില്ലായിരുന്നു. അത് ചോദ്യം ചെയ്തപ്പോള്‍ മഴ പെയ്തത് കൊണ്ടാണ് യൂണിഫോം ധരിക്കാത്തത് എന്നാണ് പൊലീസ് വിശദീകരിച്ചത് എന്ന് ഐഷി ഘോഷ് പറഞ്ഞു.
സമരവേദിയില്‍ എത്തിയവരില്‍ നിറയെ കുറ്റവാളികള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു. കുറ്റവാളികള്‍ ആരെന്ന് അവര്‍ വ്യക്തമാക്കണം. തന്റെയും എസ്എഫ്‌ഐ നേതാക്കളുടെയും പേരുകള്‍ പൊലീസിന്റെ ക്രിമിനല്‍ ലിസ്റ്റില്‍ ഉണ്ടെന്നും ഐഷി ഘോഷ് പറഞ്ഞു. പൊലീസ് വാറണ്ട് സംബന്ധിച്ച് അടക്കം ഒരു ആശയവിനമയവും നടത്തിയിട്ടില്ല. ഇത് പ്രതികാര നടപടിയാണ്. ജന്തര്‍മന്ദര്‍ സമരവേദിയില്‍ ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷിക്കുന്നതിന് എതിരെ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ സമ്മര്‍ദം ഉണ്ടായിരുന്നു. എന്നാല്‍ അതിന് വഴങ്ങിയില്ല. പിന്നാലെയാണ് പൊലീസ് അറസ്റ്റിന് ശ്രമിച്ചതെന്നും അവര്‍ പറഞ്ഞു.




