കാസറഗോഡ്: വീട്ടില്‍ അനധികൃതമായി കഞ്ചാവ് സൂക്ഷിച്ച കേസില്‍ പ്രതിക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച് കോടതി. മഞ്ചേശ്വരം താലൂക്കിലെ മീഞ്ച ഗ്രാമം, മിയാപ്പദവ് ലക്ഷം വീട്ടില്‍ താമസിക്കുന്ന വിന്‍സെന്റ് ഡിസൂസയെയാണ് (38) കാസറഗോഡ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് & സെഷന്‍സ് കോടതി (രണ്ട്) ശിക്ഷിച്ചത്.
ജഡ്ജ് രാമു രമേശ് ചന്ദ്രഭാനുവാണ് പ്രതിക്ക് ഒരു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴയടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ രണ്ട് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2020 ജൂണ്‍ 15-ന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിന്‍സെന്റ് ഡിസൂസയെ പോലീസ് പിടികൂടിയത്. ഇയാളുടെ വീട്ടിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ 3.800 കിലോ കഞ്ചാവ് പോലീസ് കണ്ടെത്തുകയായിരുന്നു.
മഞ്ചേശ്വരം സബ്ബ് ഇന്‍സ്പെക്ടറായിരുന്ന എ. ബാലചന്ദ്രന്‍, എ.എസ്.ഐ രാമചന്ദ്രന്‍, പോലീസുദ്യോഗസ്ഥരായ മനു കെ., അഭിജിത്ത് മോഹന്‍, തൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്. തുടര്‍ന്ന് മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍മാരായിരുന്ന അനൂബ് കുമാര്‍, ഷൈന്‍ കെ.പി. എന്നിവര്‍ കേസ് അന്വേഷണം പൂര്‍ത്തിയാക്കി. അരുണ്‍ദാസാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ചന്ദ്രമോഹന്‍ ജി., അഡ്വ. ചിത്രകല എന്നിവര്‍ ഹാജരായി.




