കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഹൊസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും ബളാല്‍ ഗ്രാമപഞ്ചായത്തിന്റെയും പുല്ലൊടി അങ്കണവാടിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഗോത്രവര്‍ധന്‍ പദ്ധതിയുടെ ഭാഗമായി മാലോം പുല്ലൊടി സെന്റ് അല്‍ഫോന്‍സ പള്ളി പരിസരത്ത് പരാതി പരിഹാര അദാലത്തും ആയുര്‍വേദ മെഡിക്കല്‍ ക്യാംപും നേത്രരോഗ മെഡിക്കല്‍ ക്യാംപും സംഘടിപ്പിച്ചു. പരിപാടി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സിവില്‍ ജഡ്ജി എസ്. ശിവദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് ജഡ്ജി പി. എം. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കേരള-കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള വന്യമൃഗശല്യം രൂക്ഷമായ പുല്ലൊടി പ്രദേശത്ത് ആദ്യമായാണ് ഇത്തരമൊരു പരാതി പരിഹാര അദാലത്തും മെഡിക്കല്‍ ക്യാംപുകളും സംഘടിപ്പിക്കുന്നത്.
ജില്ലാ കളക്ടര്‍ നേരിട്ട് എത്തി ഉദ്ഘാടനം ചെയ്തതോടെ പ്രദേശവാസികള്‍ വിവിധ പരാതികളും നിവേദനങ്ങളുമായി അദ്ദേഹത്തെ സമീപിച്ചു. ഓരോ പരാതിയും അനുഭാവപൂര്‍വം കേട്ട കളക്ടര്‍, സാധ്യമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി. തുടര്‍ന്ന് കളക്ടര്‍ സമീപത്തെ പുല്ലൊടി അങ്കണവാടിയും സന്ദര്‍ശിച്ചു. വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, ജില്ലാ പഞ്ചായത്ത് അംഗം ബിന്‍സി ജെയിന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസ്സി ചാക്കോ, വാര്‍ഡ് അംഗങ്ങളായ ധന്യ.സി, മിനി ആന്റണി, ലക്ഷ്മി സി., വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സി.ഐ. ശ്രീഹരി കെ.പി, സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് വികാരി ഫാ. ജിന്റോ പാണാക്കുഴിയില്‍, ഡോ. ദിലീപ്, പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്‍ പി.ആര്‍.ഒ സന്തോഷ് പാലായി, മനോഹരന്‍ മുല്ലശ്ശേരി എന്നിവര്‍ സംസാരിച്ചു. ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത എ. സ്വാഗതവും അങ്കണവാടി അധ്യാപിക ലക്ഷ്മിക്കുട്ടി എം. നന്ദിയും പറഞ്ഞു.




