പലിയേരി തോട്ടില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട രണ്ട് കുട്ടികള്‍ക്ക് രക്ഷകനായി പതിനാറുകാരന്‍. കരിവെള്ളൂര്‍ പലിയേരി സ്വദേശിയും കരിവെള്ളൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയുമായ ഋത്വിക് രാജാണ് ജീവന്‍ പണയം വെച്ച് കുട്ടികളെ രക്ഷിച്ചത്. ഞായര്‍ വൈകിട്ട് നാലോടെയായിരുന്നു സംഭവം. ചിന്മയ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ വെള്ളച്ചാല്‍ സ്വദേശികളായ രണ്ട് കുട്ടികള്‍ ഫുട്‌ബോള്‍ കളികഴിഞ്ഞ് കൂട്ടുകാരോടൊപ്പം പലിയേരി തോട്ടില്‍ കുളിക്കാനെത്തിയതായിരുന്നു. ഈ സമയം കുത്തൊഴുക്കില്‍ കുട്ടികള്‍ പെട്ടെന്ന് ഒഴുകിപ്പോകാന്‍ തുടങ്ങി. നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന ഋത്വിക് രാജ് ഒന്നും ആലോചിക്കാതെ തോട്ടിലിറങ്ങി. ശക്തമായ ഒഴുക്കിനെ മറികടന്ന് രണ്ട് കുട്ടികളെയും സുരക്ഷിതമായി കരയ്‌ക്കെത്തിക്കുകയായിരുന്നു. ബാലസംഘം പലിയേരി പിടിഞ്ഞാറ് യൂണിറ്റ് സെക്രട്ടറിയും കരിവെള്ളൂര്‍ നോര്‍ത്ത് വില്ലേജ് കമ്മിറ്റിയംഗവുമാണ് ഋത്വിക് രാജ്. സ്വകാര്യ ബസ് ജീവനക്കാരന്‍ എന്‍. രാജന്റെയും കെ. അനിതയുടെയും മകനാണ്.
സ്വന്തം ജീവന്‍ പോലും നോക്കാതെ കുട്ടികളെ രക്ഷിച്ച ഋത്വികിന്റെ ധീരതയ്ക്ക് നാട്ടുകാരും അധ്യാപകരും വിവിധ സംഘടനകളും അഭിനന്ദനം അറിയിച്ചു. ‘മനുഷ്യത്വത്തിന്റെ മാതൃകയാണ് ഈ കുട്ടി’ എന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടസമയത്ത് തോട്ടില്‍ കുളിക്കാന്‍ പോകുന്നതിന്റെ അപകടങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ബോധവല്‍ക്കരണം നല്‍കണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.




