പ്രതിപക്ഷം ഇന്നും പാര്‍ലമെന്റ് സ്തംഭിപ്പിക്കും. അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ടുള്ള ബഹളം ഇന്നും തുടരാനാണ് പ്രതിപക്ഷ നീക്കം. പൊലീസ് നടപടി, അയോധ്യ സംഭാവനക്കൊള്ള എന്നീ വിഷയങ്ങളില്‍, അടിയന്തര പ്രമേയത്തിന് ഇന്ത്യ സഖ്യം നോട്ടീസ് നല്‍കി. രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി അവകാശ ലംഘന നോട്ടീസ് നല്‍കി.
ദില്ലി: ദില്ലിയില്‍ നടന്ന പൊലീസ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന തേടി പ്രതിപക്ഷം ഇന്നും പാര്‍ലമെന്റ് സ്തംഭിപ്പിക്കും. രാജ്യസഭയില്‍ നടന്ന പരീക്ഷ ഭേദഗതി ബില്‍ ചര്‍ച്ചയിലും അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിച്ചിരുന്നു. എഫ്‌സിആര്‍എ അടക്കം വരാനിരിക്കുന്ന ബില്ലുകളിലും പ്രതിഷേധമറിയിച്ച് പങ്കെടുക്കാനാണ് പ്രതിപക്ഷ നീക്കം.
ഇന്നലെ പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയോട് സഹകരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. രാജ്യസഭയില്‍ മല്ലികാര്‍ജുന ഖാര്‍ഗെ അടക്കമുള്ളവരുടെ ചര്‍ച്ചയ്ക്കിടെ വലിയ ബഹളം അരങ്ങേറി. ബില്ല് വോട്ടിനിടുന്നതിന് മുമ്പ് പ്രതിപക്ഷം ഒന്നടങ്കം ഇറങ്ങിപ്പോയി. എന്നാല്‍ ഡിഎംകെ സഭ ബഹിഷ്‌കരിച്ചില്ല. വോട്ടെടുപ്പില്‍ പങ്കെടുത്ത ഡിഎംകെ, ഭേദഗതികള്‍ നിര്‍ദേശിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ മറുപടിക്ക് ശേഷം പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ പരീക്ഷാ ഭേദഗതി ബില്ല് പാസാകുകയായിരുന്നു. സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ ബില്ല് പാസായതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചിരുന്നു.
അതിനിടെ, ഇന്ന് കൂടുതല്‍ നിയമനിര്‍മ്മാണങ്ങള്‍ക്കുള്ള ആലോചനകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് സൂചന. ഉച്ചയ്ക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. അടുത്തയാഴ്ച ചില പ്രധാന ബില്ലുകള്‍ പാര്‍ലമെന്റില്‍ വരുമെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ എഫ്‌സിആര്‍എ ബില്ലും ഉള്‍പ്പെടാനാണ് സാധ്യത. കൂടാതെ, മണ്ഡല പുനര്‍നിര്‍ണയത്തിനും വനിതാ സംവരണത്തിനുമുള്ള ബില്ലുകള്‍ കൂടി സര്‍ക്കാര്‍ വീണ്ടും കൊണ്ടുവരുമോ എന്നതും പ്രധാനമാണ്. ഡിഎംകെയുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയാല്‍ മാത്രമേ ബില്ല് പാസാക്കാന്‍ സര്‍ക്കാരിനാകൂ.
നരേന്ദ്രമോദി പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞ് ഇന്‍ഫ്‌ളൂവന്‍സറാകണം, ആ ജോലി നന്നായി ചെയ്യുന്നുണ്ട്- അഭിജീത് ദീപ്‌കെ
പശ്ചിമേഷ്യന്‍ പ്രതിസന്ധി വിലയിരുത്തി കേന്ദ്ര മന്ത്രിസഭ, നാവികരുടെ സുരക്ഷ നിരീക്ഷിക്കും, ഇന്ധന-വള വിതരണം ഉറപ്പാക്കാനും പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം
അതേസമയം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി അവകാശ ലംഘന നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത് പരിഗണിക്കണമെന്ന് ഭരണപക്ഷം സഭയില്‍ ആവശ്യപ്പെടും. സഭാ മര്യാദകള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി അനുരാഗ് താക്കൂര്‍ ആണ് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. പൊലീസ് നടപടി, അയോധ്യ സംഭാവനക്കൊള്ള എന്നീ വിഷയങ്ങളില്‍ അടിയന്തര പ്രമേയത്തിന് ഇന്ത്യ സഖ്യം നോട്ടീസ് നല്‍കിയിട്ടുണ്ട്.
കേസുകള്‍ പിന്‍വലിച്ച് ദില്ലി സര്‍ക്കാര്‍
കോക്‌റോച്ച് ജനത പാര്‍ട്ടി (സിജെപി) സമരത്തിനെതിരായ 13 കേസുകള്‍ ദില്ലി സര്‍ക്കാര്‍ പിന്‍വലിച്ചു. 15 എഫ്‌ഐആര്‍ ആണ് ദില്ലി പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അതേസമയം ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കെതിരെ അന്വേഷണം തുടരും. സമരത്തിനിടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതിന് ഫരീദാബാദ് സ്വദേശിയായ യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.




