ബിആര്‍സിയിലെ അധ്യാപകര്‍ പ്രതികളായ ലഹരിക്കേസ്: അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്; നാലംഗ സമിതിയെ ചുമതലപ്പെടുത്തി

പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപകര്‍ പ്രതികളായ ലഹരിക്കേസില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. നാലംഗ സമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് കൈമാറാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപകര്‍ പ്രതികളായ ലഹരിക്കേസില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. നാലംഗ സമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. എസ് എസ് കെ സ്റ്റേറ്റ് അഡീഷണല്‍ പ്രോജക്ട് ഡയറക്ടര്‍ എ കെ ഷൈന്‍മോനാണ് അന്വേഷണ ചുമതല. പേരാമ്പ്ര ബിആര്‍സിയിലും സമീപ ബിആര്‍സികളിലും സമിതി അന്വേഷണം നടത്തും. അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് കൈമാറാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.

കേസില്‍ പ്രതികളായ കാവ്യ, കീര്‍ത്തന, നീഷ്മ എന്നീ അധ്യാപികമാര്‍ക്ക് ബിആര്‍സിയില്‍ ജോലിയില്‍ തുടരാന്‍ ആരെങ്കിലും സഹായം നല്‍കിയിട്ടുണ്ടോ എന്നടക്കം നാലംഗ സമിതി പരിശോധിക്കും. ലഹരി കേസില്‍ പ്രതികളുടെ യുപിഐ അക്കൗണ്ട് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടുതല്‍ പണം മൂവരുടെയും അക്കൗണ്ടിലേക്ക് അയച്ച ആളുകളെ വിളിച്ചുവരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യും.

Scroll to Top