കാസര്‍കോട് ജില്ലയിലെ കിദൂര്‍ ബയോഡൈവേഴ്സിറ്റി സ്റ്റഡി സെന്ററില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി.), വനം വകുപ്പ്, കുമ്പള കൊപ്പളം പീസ് വാലി പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദ്വിദിന മണ്‍സൂണ്‍ ബയോഡൈവേഴ്സിറ്റി, ട്രക്കിംഗ് ക്യാമ്പിന് സമാപനമായി.
ക്യാമ്പിന്റെ രണ്ടാം ദിനത്തില്‍ ”ജൈവവൈവിധ്യ സംരക്ഷണം” എന്ന വിഷയത്തില്‍ കാസര്‍കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു ക്ലാസ് നയിച്ചു. തുടര്‍ന്ന് ‘ജില്ലയിലെ വന്യജീവി വൈവിധ്യവും പരിപാലനവും” എന്ന വിഷയത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി സത്യന്‍ സാങ്കേതിക ക്ലാസെടുത്തു. ക്ലാസുകള്‍ക്ക് ശേഷം പങ്കെടുത്ത വിദ്യാര്‍ത്ഥികളുമായി സംവാദവും അനുഭവപങ്കിടലും നടന്നു. ക്യാമ്പിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് പോസാടിഗുംബെ മലനിരകളിലേക്കുള്ള ട്രെക്കിംഗും സംഘടിപ്പിച്ചു.
സമാപനച്ചടങ്ങില്‍ പ്രമുഖ പക്ഷിനിരീക്ഷകനായ രാജു കിദൂര്‍ ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ലോക വനപാലക ദിനത്തോടനുബന്ധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനങ്ങളെ അനുമോദിച്ച് ഡി.ടി.പി.സി. സെക്രട്ടറി ജിജേഷ് കുമാര്‍ ജെ.കെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. വനസംരക്ഷണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനുമായി വനം വകുപ്പ് ജില്ലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ടൂറിസം എം.എ നസീബ്, കൊപ്പളം പീസ് വാലി പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധി കെ.മുനീറുദ്ദീന്‍ ക്യാമ്പ് ഡയറക്ടര്‍ ഫാത്തിമത്ത് റസ്മിയ എന്നിവര്‍ പങ്കെടുത്തു.




