ഖസാക്കിന്റെ ഇതിഹാസം’ വായനയില്‍ നിന്ന് ജീവിതത്തിലേക്ക്; ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാലയില്‍ ശ്രദ്ധേയ പുസ്തകചര്‍ച്ച

തൃക്കരിപ്പൂര്‍: ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല & ഗ്രന്ഥാലയം യുവജനവേദിയുടെ ആഭിമുഖ്യത്തില്‍ മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച നോവലുകളില്‍ ഒന്നായ ‘ഖസാക്കിന്റെ ഇതിഹാസം’ ആസ്പദമാക്കി പുസ്തകചര്‍ച്ച സംഘടിപ്പിച്ചു.
ഗ്രന്ഥശാല പ്രസിഡന്റ് ടി. തമ്പാന്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല താലൂക്ക് കൗണ്‍സില്‍ അംഗം സി. സന്തോഷ് കുമാര്‍ പുസ്തകം പരിചയപ്പെടുത്തി. മനുഷ്യജീവിതം, തത്ത്വചിന്ത, ഗ്രാമീണ സംസ്‌കാരം എന്നിവയെ അത്യന്തം ആഴത്തോടെയും കലാപരമായ ഭംഗിയോടെയും അവതരിപ്പിക്കുന്ന അപൂര്‍വ സാഹിത്യസൃഷ്ടിയാണ് ഒ. വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന് അദ്ദേഹം പറഞ്ഞു. വായന വ്യക്തിത്വ വികസനത്തിനും സാമൂഹിക അവബോധത്തിനും അനിവാര്യമാണെന്നും ഇത്തരം പുസ്തകചര്‍ച്ചകള്‍ വായനാസംസ്‌കാരം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് കെ. വി. രാമകൃഷ്ണന്‍, ബിനേഷ് വിത്തന്‍, പി. വി. സന്ദീപ്, എം. പി. സജീവന്‍, പി. സദാനന്ദന്‍, എം. സനൂപ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് നോവലിന്റെ വിവിധ ആശയതലങ്ങളെയും സാഹിത്യസവിശേഷതകളെയും വിലയിരുത്തി.
ചടങ്ങില്‍ സെക്രട്ടറി പി. രാജഗോപാലന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് വി. എം. മധുസൂദനന്‍ നന്ദിയും രേഖപ്പെടുത്തി.

Scroll to Top