റെഡ് അലര്‍ട്ട് നല്‍കാന്‍ വൈകി; പെരുമഴയ്ക്ക് മുന്നില്‍ മുന്നറിയിപ്പും മുന്നൊരുക്കവും പാളിയോ? ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി വിമര്‍ശനം

സംസ്ഥാനത്ത് മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും പാളി. ദുരന്തങ്ങള്‍ മുമ്പും നേരിട്ടിട്ടുള്ള മലയോരമേഖലകളില്‍ പോലും മുന്നറിയിപ്പിന് അനുസരിച്ചുള്ള ജാഗ്രതയുണ്ടായില്ല. അപ്രതീക്ഷിത അതിതീവ്ര മഴ ദിവസങ്ങള്‍ക്ക് എല്‍ നിനോ വര്‍ഷങ്ങളില്‍ സാധ്യതയേറെയാണ്.
തിരുവനന്തപുരം: അതിതീവ്ര മഴ സാധ്യത മുന്നിലുണ്ടായിട്ടും ഇത്തവണയും സംസ്ഥാനത്ത് മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും പാളി. അതിതീവ്ര മഴ പെയ്തിറങ്ങിയ പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് രാവിലെ വരെയുണ്ടായിരുന്നത് ഓറഞ്ച് അലര്‍ട്ട് മാത്രമാണ്. ദുരന്തങ്ങള്‍ മുമ്പും നേരിട്ടിട്ടുള്ള മലയോരമേഖലകളില്‍ പോലും മുന്നറിയിപ്പിന് അനുസരിച്ചുള്ള ജാഗ്രതയുണ്ടായില്ല. അടുത്ത 24 മണിക്കൂര്‍ കൂടി സംസ്ഥാനത്ത് അതീവ ജാഗ്രത വേണം.

പത്തനംതിട്ട ളാഹയില്‍ 25 സെന്റി മീറ്റര്‍, ഇടുക്കി പീരുമേടും തൊടുപുഴയിലും 21 സെന്റിമീറ്റര്‍ വീതം മഴയാണ് പെയ്തത്. 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് റെഡ് അലര്‍ട്ടിന് അനുസരിച്ചുള്ള അതിതീവ്ര മഴ. ഇന്നലെ രാത്രി 9 മണിക്കും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരുന്ന മുന്നറിയിപ്പില്‍ സംസ്ഥാനത്ത് എവിടെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നില്ല. രാത്രി പത്ത് മണിക്ക് നല്‍കിയ തല്‍സ്ഥിതി മുന്നറിയിപ്പിലുംഓറഞ്ച് അലര്‍ട്ട് മഴ മാത്രമാണുണ്ടായിരുന്നത്.

റെഡ് അലര്‍ട്ടിന് സമാനമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത് രാത്രി 11.15നാണ്. പത്തനംതിട്ടയും ഇടുക്കിയും അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത് ഇന്ന് രാവിലെ ഏഴ് മണിക്ക് ആണ്. അപ്പോഴേക്കും പെരുമഴ പെയ്തിറങ്ങിയിരുന്നു. ആളുകള്‍ ദുരിതക്കയത്തിലായതിന് ശേഷം പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പാളിപ്പോയി.

ഓറഞ്ച് അലര്‍ട്ട് എന്നാല്‍ ആക്ഷന്‍ എന്നാണ് ദുരന്തര നിവാരണ അതോറിറ്റി ചട്ടത്തില്‍ പറയുന്നത്. മുമ്പും ഉരുള്‍പ്പൊട്ടലുണ്ടായിട്ടുള്ള കൂട്ടിക്കലിലും 2018ലെ പ്രളയത്തില്‍ മുങ്ങിപ്പോയ റാന്നിയിലും അടക്കം തുടര്‍ച്ചയായി മഴ പെയ്തിട്ടും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനോ വേണ്ട മുന്‍കരുതലെടുക്കാനോ ദുരന്ത നിവാരണ അതോറ്റിക്ക് കഴിഞ്ഞില്ല. തൊടുപുഴ കുടയൂത്തൂരില്‍ എന്‍ഡിആര്‍എഫ് സംഘത്തിന് പെട്ടെന്ന് എത്താനായി. എന്നാല്‍, ഉരുള്‍പൊട്ടലുണ്ടായ കോട്ടയത്ത് മൂന്നിടങ്ങളിലും എന്‍ഡിആര്‍എഫ് എത്തിയില്ല. പത്തനംതിട്ടയിലേക്കും എന്‍ഡിആര്‍എഫ് എത്തിയപ്പോഴേക്കും വൈകി. ഇന്നലെ രാത്രിയോടെ തന്നെ പല പഠന ഏജന്‍സികളും മധ്യകേരളത്തിന്റെ കിഴക്കന്‍ മേഖലകളില്‍ അതീതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രാദേശികമായി ശക്തമായ മഴ മുന്നറിയിപ്പ് ഏജന്‍സികള്‍ കൈമാറിയിരുന്നു. പക്ഷേ ദുരന്ത സാഹചര്യം മുന്‍കൂട്ടി കാണാന്‍ ഐഎംഡിക്കോ കെഎസ്ഡിഎംഎക്കോ കഴിഞ്ഞില്ല.

പത്തനംതിട്ട മലയോരമേഖലകളില്‍ നിര്‍ത്താതെ മഴ പെയ്താല്‍ പമ്പയാര്‍ കരകവിഞ്ഞൊഴുകി വെള്ളപ്പൊക്കമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് മുന്നൊരുക്കം നടത്തിയതുമില്ല. ഐഎംഡിക്ക് പുറമേ മറ്റ് ഏജന്‍സികളില്‍ നിന്ന് കൂടി വിവരം ശേഖരിക്കുന്ന കെഎസ്ഡിഎംഎ എന്ത് മുന്നൊരുക്കമാണ് നടത്തിയതെന്ന് വിശദീകരിക്കേണ്ടതുണ്ട്. നാടിനെ തകര്‍ത്ത മുണ്ടക്കൈ ദുരന്തമുണ്ടായ 2024 എല്‍ നിനോ വര്‍ഷമായിരുന്നു. ഇതും എല്‍ നിനോ വര്‍ഷം. അപ്രതീക്ഷിത അതിതീവ്ര മഴ ദിവസങ്ങള്‍ക്ക് എല്‍ നിനോ വര്‍ഷങ്ങളില്‍ സാധ്യതയേറെയാണ്. അലര്‍ട്ടുകള്‍ക്ക് അതീതമായ ജാഗ്രത വേണ്ട സംസ്ഥാനത്ത് ജില്ലാ ഭരണകൂടങ്ങള്‍ക്കും ദുരന്ത നിവാരണ അതോറിറ്റിക്കും സംഭവിച്ചത് കുറ്റകരമായ അനാസ്ഥയാണ്.

Scroll to Top