പിഎം ശ്രീയില്‍ ലീഗ് നിലപാടില്‍ കോണ്‍ഗ്രസ്സില്‍ അമര്‍ഷം. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ലീഗ് നേതാക്കള്‍ കോണ്‍ഗ്രസിനെ പഴിക്കുന്നുവെന്നാണ് വിമര്‍ശനം.
തിരുവനന്തപുരം: പിഎം ശ്രീയില്‍ ലീഗ് നിലപാടില്‍ കോണ്‍ഗ്രസ്സില്‍ അമര്‍ഷം. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ലീഗ് നേതാക്കള്‍ കോണ്‍ഗ്രസിനെ പഴിക്കുന്നുവെന്നാണ് വിമര്‍ശനം. ഒന്നര മാസം മുമ്പ് മന്ത്രിസഭാ ഉപസമിതിയെ വെച്ചിട്ടും ഇപ്പോള്‍ പിന്നോട്ട് പോകുമെന്നതടക്കം പറഞ്ഞ് ലീഗ് നേതാക്കള്‍ അനാവശ്യ വിവാദമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. മുന്നണിയില്‍ പ്രതിസന്ധിയായതോടെ ഉപസമിതിയുടെ അന്തിമ തീരുമാനം വൈകിപ്പിക്കാനാണ് നീക്കം.
മുന്നണിയുടെ ശ്രീ കെടുത്തും വിധത്തിലാണ് പിഎം ശ്രീയില്‍ യുഡിഎഫിലെ അപ്രതീക്ഷിത പ്രശ്‌നങ്ങള്‍. ജൂണ്‍ 17ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഉപാധികളോടെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ലീഗ് പ്രതിനിധിയായ വിദ്യാഭ്യാസമന്ത്രിയാണ് അധ്യക്ഷന്‍. ഉപാധികളെ കുറിച്ച് സമിതി രണ്ട് തവണ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തു. സിലബസിലടക്കം ഇളവ് തേടി ഉടന്‍ കേന്ദ്രത്തെ സമീപിക്കുമെന്ന രീതിയില്‍ നടപടി നീങ്ങുന്നതിനിടെയാണ് ട്വിസ്റ്റുകള്‍. എല്ലാം തീരുമാനിച്ചെന്ന യുഡിഎഫ് കണ്‍വീനറുടെ പ്രതികരണവും പിന്നാലെ പിന്നോട്ട് പോകുന്നതടക്കം ചര്‍ച്ച ചെയ്യുന്നുവെന്ന പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണവും പ്രതിസന്ധിയുണ്ടാക്കി.
അടൂര്‍ പ്രകാശ് അനാവശ്യ ധൃതി കാട്ടിയെന്നതിലായിരുന്നു ലീഗിലെ അതൃപ്തി. എന്നാല്‍, ലീഗ് നിലപാടുകളാണ് പ്രശ്‌നമെന്നാണ് കോണ്‍ഗ്രസ്സിലെ അഭിപ്രായം. ലീഗ് മന്ത്രിമാര്‍ക്കെതിരെ ആ പാര്‍ട്ടിയില്‍ ഉയര്‍ന്ന എതിര്‍പ്പുകള്‍ തണുപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ തലയിലേക്കിട്ടെന്നാണ് വിമര്‍ശനം. പദ്ധതിയുമായി മുന്നോട്ട് പോകേണ്ടിവരുമെന്ന് വിദ്യാഭ്യാസമന്ത്രി പല വട്ടം പരസ്യമായി പറഞ്ഞിട്ടും ലീഗ് കാലുമാറിയെന്നാണ് കോണ്‍ഗ്രസിന്റെ കുറ്റപ്പെടുത്തല്‍. യോഗങ്ങളില്‍ ഒരു നിലപാടും പുറത്ത് ലീഗ് നേതാക്കള്‍ മറ്റൊന്നും പറയുന്നുവെന്നാണ് പഴി. ബുധനാഴ്ച ചേരുന്ന ഉപസമിതിയുടെ അന്തിമ യോഗം അന്തിമ തീരുമാനം എടുക്കാനിടയില്ല. എതിര്‍പ്പുകള്‍ തണുത്തശേഷം റിപ്പോര്‍ട്ട് നല്‍കാനാണ് ആലോചന. പക്ഷേ പദ്ധതിയില്‍ തുടരണോ വേണ്ടയോ എന്നതില്‍ ഒരു വ്യക്തമായ നിലപാടില്ലാതെ പോകരുതെന്നാണ് കോണ്‍ഗ്രസ് ലൈന്‍.




