പ്രകൃതിയ്ക്ക് ഇണങ്ങുന്ന രാസോത്തേജക സാങ്കേതിക വിദ്യയ്ക്ക് കേരള കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷകര്‍ക്ക് പേറ്റന്റ്

കാസര്‍കോട്: മാലിന്യം പരമാവധി കുറഞ്ഞ ഇന്ധനോല്‍പാദനവും പ്രകൃതിക്ക് ഇണങ്ങുന്ന രാസവസ്തു നിര്‍മിതിയും സാധ്യമാക്കുന്നതിന് സഹായകമായ പുതിയ തരം രാസോത്തേജക വസ്തു (Catalyst) നിര്‍മ്മാണ രീതി വികസിപ്പിച്ചെടുത്തതിന് കേരള കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷകര്‍ക്ക് പേറ്റന്റ്. കെമിസ്ട്രി വിഭാഗം പ്രൊഫസര്‍ ഡോ. എ. ശക്തിവേല്‍, സഹ ഗവേഷകരായ നിമിഷ എന്‍.പി., ഡോ. സൗമ്യ ബി.എന്‍. എന്നിവര്‍ക്ക് ‘Method for the Preparation of ITQ-2 Metal Oxy-Hydroxide Composite Materials Thereof’ എന്ന തലക്കെട്ടിലുള്ള കണ്ടുപിടിത്തത്തിനാണ് (ഇന്ത്യന്‍ പേറ്റന്റ് നമ്പര്‍ 596368) ബഹുമതി ലഭിച്ചത്. രാസപ്രക്രിയകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം പരിസ്ഥിതി സൗഹൃദപരമായ ഉല്‍പ്പാദന രീതികളെ പിന്തുണയ്ക്കാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും. രാസമാലിന്യങ്ങള്‍ പരമാവധി കുറഞ്ഞ ഇന്ധനങ്ങളും മൂല്യവത്തായ രാസവസ്തുക്കളും നിര്‍മിക്കുന്നതിലൂടെ ഈ കണ്ടെത്തല്‍ സാധ്യതകളുടെ പുതിയ ലോകമാണ് തുറക്കുന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. പേറ്റന്റ് നേടിയ ഗവേഷക സംഘത്തെ വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ അഭിനന്ദിച്ചു. സര്‍വകലാശാലക്ക് അഭിമാന നിമിഷമാണെന്നും ഗവേഷകര്‍ക്ക് കൂടുതല്‍ മുന്നേറുന്നതിനുള്ള ആത്മവിശ്വാസം പകരുന്ന നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Scroll to Top