ഉരുള്‍പൊട്ടലും കാലവര്‍ഷക്കെടുതിയും: ജില്ലാ കളക്ടര്‍ തയ്യേനി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിച്ചു

ഈസ്‌റ് എളേരിയിലെ ഉരുള്‍പൊട്ടല്‍:കാരണങ്ങള്‍ പഠിക്കാന്‍ സാങ്കേതിക സമിതിയെ രൂപീകരിച്ചു

ദുരിതബാധിതരുടെ നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ വിവിധ ടീമുകളായി തിരിഞ്ഞ് പ്രവര്‍ത്തനം

ഉരുള്‍പൊട്ടലും കാലവര്‍ഷ കെടുതിയുമായി ബന്ധപ്പെട്ട് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ തയ്യേനി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസക്യാമ്പ് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.ക്യാമ്പിന്റെ ചുമതലയുള്ള റവന്യൂ -തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥനുമായി കളക്ടര്‍ ചര്‍ച്ച നടത്തി. നിലവില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ക്യാമ്പില്‍ ഭക്ഷണം നല്‍കുന്നുണ്ട്.18 കുടുംബങ്ങളില്‍ നിന്ന് 58 പേരാണ് ക്യാമ്പില്‍ താമസിക്കുന്നത്. ദുരിതബാധിതരായ 12 കുടുംബങ്ങള്‍ ബന്ധുവീടുകളിലും താമസിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറു വാര്‍ഡുകളില്‍ പെട്ടവരാണ് ക്യാമ്പുകളില്‍ താമസിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാമും സ്ഥലത്തെത്തി കളക്ടറുമായി ചര്‍ച്ച നടത്തി.

ഉരുള്‍പൊട്ടലിലും കാലവര്‍ഷക്കെടുതിയിലും ദുരിതം ഉണ്ടായവരുടെ നാശനഷ്ടം കണക്കിലാക്കി അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യരും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും ക്യാമ്പ് സന്ദര്‍ശിച്ചു. ഈസ്റ്റ്‌ലേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാണി,ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസഫ് മുത്തോലി ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സോണിയ വേലായുധന്‍, ജോസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബിന്‍സി ജെയ് ന്‍,പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുജ അനീഷ്,ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൃഷ്ണന്‍ ഒക്ലാവ്,പാലാവയല്‍ വില്ലേജ് ഓഫീസര്‍ അബ്ദുല്‍ സമദ്,എല്‍.എസ്ജി.ഡി അസി. ഡയറക്ടര്‍ ജോസഫ് എം.ചാക്കോ, ആര്‍. ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ശ്രീജിത്ത് വെള്ളരിക്കുണ്ട് താലൂക്ക് തഹസില്‍ദാര്‍ കെ. ബി രാമു, പൊതു പ്രവര്‍ത്തകന്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ കളക്ടറോടൊപ്പം ഉണ്ടായിരുന്നു.

ദുരിതബാധിതരുടെ നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ വിവിധ ടീമുകളായി തിരിഞ്ഞ് പ്രവര്‍ത്തനം

വെള്ളരിക്കുണ്ട് താലൂക്കിലെ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വീടുകള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ ആറ് ടീമുകളായി തിരിഞ്ഞ് ഉദ്യോഗസ്ഥരെ നിയമിച്ച് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിറക്കി. മഴക്കെടുതിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും വില്ലേജ് ഓഫീസര്‍മാര്‍ എല്‍. .ആര്‍.ഡി പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. നാശനഷ്ടം കണക്കാക്കുന്നതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും ജില്ലയിലെ വിവിധ അസിസ്റ്റന്റ് എന്‍ജിനീയര്‍മാരും തങ്ങളുടെ അധികാരപരിധിയില്‍ ഉള്ള വീടുകളില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ കണക്കാക്കുന്ന പ്രവര്‍ത്തി ഏഴിനകം പൂര്‍ത്തീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് എല്‍ എസ്ജി. ഡി.ജെ.ഡി യും എക്‌സിക്യൂട്ടീവ് എന്‍ജിനീയറും വെള്ളരിക്കുണ്ട് തഹസില്‍ദാരും ഏകോപനം നടത്തും. ട്രൈബല്‍ വകുപ്പിന്റെ പിന്തുണയും ഉണ്ടാകും. ആവശ്യമായി വന്നാല്‍ വനം വകുപ്പ് ജില്ലാ മേധാവിയും ഇക്കാര്യത്തില്‍ സഹായിക്കും.

Scroll to Top