ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാന്‍ വിസമ്മതിച്ച കുടുംബങ്ങളും ക്യാമ്പിലേക്ക് മാറും മുണ്ടമാണി കുറ്റിക്കാനം ഉന്നതി സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

ഉരുള്‍പൊട്ടല്‍ മഴക്കെടുതി ഭീഷണിയെ തുടര്‍ന്ന് ചുള്ളിക്കര ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ ഒരുക്കിയിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാന്‍ വിസമ്മതിച്ച മുണ്ടമാണി കുറ്റിക്കാനം ഉ ന്നതിയിലെ കുടുംബങ്ങളെ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഇടപെട്ട് ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനമായി.ജില്ലാ കളക്ടര്‍ ഉന്നതിയിലെ കുടുംബങ്ങളെ സന്ദര്‍ശിച്ച് ഊര് കൂട്ടവുമായി ചര്‍ച്ച നടത്തി. 13 കുടുംബങ്ങളില്‍ അഞ്ചു കുടുംബങ്ങള്‍ മാത്രമാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നത്.ബാക്കി എട്ടുകുടുംബങ്ങള്‍ വിവിധ കാരണങ്ങളാല്‍ മാറാന്‍ വിസമ്മതിക്കുകയായിരുന്നു. ജില്ലാ കളക്ടര്‍ ഇടപെട്ട് ഉന്നതിയിലെ വിവിധ പ്രശ്‌നങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും ഉന്നതിയിലെ കുടുംബങ്ങളെ സ്ഥിരമായി മാറ്റി പാര്‍പ്പി ക്കാന്‍ ജില്ലാ ഭരണകൂടവും പട്ടികവര്‍ഗ്ഗ വികസന വകുപ്പും ചേര്‍ന്ന് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് ഉറപ്പുനല്‍കി. ഉന്നതിയിലെ കുടുംബങ്ങളുടെ പുനരധിവാസത്തിനായി നടപടികള്‍ വേഗത്തില്‍ ആകുമെന്ന് കളക്ടര്‍ ഉറപ്പുനല്‍കിയതിനാല്‍ ഊരുകൂട്ടത്തിലെ വെള്ളച്ചിയുടെ കുടുംബവും പിന്നീട് മുഴുവന്‍ കുടുംബങ്ങളും മാറാന്‍ തയ്യാറാവുകയായിരുന്നു.കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലേക്കും സുരക്ഷിതമായബന്ധു വീടുകളിലേക്കും മാറി.
കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രജിത, കളര്‍ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മെമ്പര്‍ സി രേഖ,ബളാല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സഫീന ഫൈസല്‍, കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൈമണ്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി എല്‍ റോയി, ആര്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ശ്രീജിത്ത് വെള്ളരിക്കുണ്ട്,തഹസില്‍ദാര്‍ രാമു, പരപ്പ അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ഷിനു,പനത്തടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നജിമുദ്ദീന്‍, അസിസ്റ്റന്റ് വില്ലേജ് ഓഫീസര്‍ ജ്യോതി എന്നിവര്‍ അനുഗമിച്ചു.

Scroll to Top