പള്ളിക്കര :
കേരളത്തില്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പി.എം. ശ്രീ പദ്ധതി ദ്രുതഗതിയില്‍ നടപ്പാക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നീക്കം പൊതുസമൂഹത്തില്‍ ഗൗരവമായ സംശയങ്ങള്‍ ഉയര്‍ത്തുന്നതാണെന്ന് നാഷണല്‍ യൂത്ത് ലീഗ് നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഹനീഫ് പി.എച്ച് പ്രസ്താവനയില്‍ പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ നിലപാട് സ്വീകരിച്ചിരുന്ന രാഷ്ട്രീയ ശക്തികള്‍ ഇന്ന് അതിന്റെ ഭാഗമായ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അസാധാരണമായ താല്‍പര്യം കാണിക്കുന്നത് രാഷ്ട്രീയ വൈരുധ്യമാണ്. ആര്‍.എസ്.എസ് ആശയങ്ങള്‍ വിദ്യാഭ്യാസ മേഖലയിലൂടെ നടപ്പാക്കാനുള്ള ഉപാധിയായി വ്യാപകമായി വിമര്‍ശിക്കപ്പെട്ട പദ്ധതിയാണ് പി.എം. ശ്രീ. അത്തരമൊരു പദ്ധതി നടപ്പാക്കുന്നതില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാന്‍ അവസരമുണ്ടായിട്ടും സര്‍ക്കാര്‍ അതിവേഗം മുന്നോട്ട് പോകുന്നത് യാദൃശ്ചികമായി കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാലത്തായി കേസിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗും യൂത്ത് ലീഗും ശക്തമായി എതിര്‍ത്തിരുന്ന ഉദ്യോഗസ്ഥന് ഉയര്‍ന്ന പദവി നല്‍കുകയും, വിവിധ സര്‍ക്കാര്‍ നിയമനങ്ങളില്‍ ആര്‍.എസ്.എസ് ബന്ധമുള്ളവരെന്ന് ആരോപിക്കപ്പെടുന്ന വ്യക്തികള്‍ക്ക് പ്രാധാന്യം ലഭിക്കുകയും ചെയ്യുന്ന സാഹചര്യവും സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണെന്ന് ഹനീഫ് പി.എച്ച് പറഞ്ഞു.
ഇത്തരം നടപടികള്‍ ഒന്നിച്ചുചേര്‍ത്ത് പരിശോധിക്കുമ്പോള്‍, തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസും ആര്‍.എസ്.എസ് നേതൃത്വവും തമ്മില്‍ ഉണ്ടായെന്നു ആരോപിക്കപ്പെട്ട രാഷ്ട്രീയ ധാരണയുടെ തുടര്‍ച്ചയാണോ എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളോട് വ്യക്തമായ വിശദീകരണം നല്‍കേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പി.എം. ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണം. അതോടൊപ്പം, ഈ വിഷയത്തില്‍ മുസ്ലിം യൂത്ത് ലീഗ് സ്വീകരിക്കുന്ന അവ്യക്തവും പരസ്പരവിരുദ്ധവുമായ നിലപാട് അവസാനിപ്പിച്ച് ജനങ്ങളോട് വ്യക്തമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കണമെന്നും ഹനീഫ് പി.എച്ച് ആവശ്യപ്പെട്ടു.
- ഹനീഫ് പി.എച്ച്
നാഷണല്‍ യൂത്ത് ലീഗ് നേതാവ്
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം




