ജില്ലയിലെ തീരം കടലേറ്റത്തില്‍;ആശങ്കയില്‍ തീര മേഖല

:ഉപ്പള മുസോടി കടപ്പുറം, കാവുഗോളി,സി പിസിആര്‍ഐ, ചേരങ്കൈ,ഉദുമ പള്ളിക്കര, തൃക്കണ്ണാട്,വലിയപറമ്പ് പിന്നാലെ കോയിപ്പാടിയിലും കടല്‍ഭിത്തി കടലെടുക്കുന്നു. ആശങ്കയില്‍ തീര മേഖല.

കാസര്‍ഗോഡ്. ജില്ലയിലെ തീരദേശ മേഖല രൂക്ഷമായ കടലാക്രമണ ഭീഷണിയില്‍. മൊഗ്രാല്‍പുത്തൂര്‍ കാവുഗോളിയില്‍ ചേരങ്കൈ-കാവുഗോളി തീരദേശ റോഡ് കടലെടുത്തു.ഇവിടെ നൂറ് മീറ്റര്‍ കടല്‍ കരയിലേക്ക് കയറിയിട്ടുണ്ട്.റോഡ് കടലെടുത്തതോടെ ഗതാഗത മാര്‍ഗമില്ലാതെ തീരവാസികള്‍ ദുരിതത്തിലായി.ഇവിടെ 200-ഓളം കുടുംബങ്ങള്‍ താമസിച്ചു വരുന്നുണ്ട്. വീടുകളിലേക്ക് കടല്‍ ഇരച്ചു കയറുമെന്ന ഭയാശങ്കയില്‍ കഴിയുകയാണ് പ്രദേശവാസികള്‍.

കാവുഗോളിക്ക് പുറമെ നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്തും,ഉദുമ, പള്ളിക്കര എന്നിവിടങ്ങളിലും രൂക്ഷമായ കടലാക്രമണം അനുഭവപ്പെടുന്നുണ്ട്. തീരമേഖലകളില്‍ സ്ഥാപിച്ച ‘ജിയോബാഗ് ”സംവിധാനം തകരുകയും, കടലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം റോഡ് തകര്‍ച്ചയ്‌ക്കൊപ്പം നിരവധി വീടുകള്‍ക്ക് ഭീഷണിയും നേരിടുന്നു.പല ഭാഗങ്ങളിലും ഭീഷണി നേരിടുന്ന കുടുംബാംഗങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുമു ണ്ട്.കുമ്പള കോയിപ്പാടി കടപ്പുറത്ത് കടലേറ്റം കരിങ്കല്‍ കടല്‍ ഭിത്തിക്ക് ഭീഷണിയായിട്ടുണ്ട്. പകുതിഭാഗം കടല്‍ ഭിത്തിയും കടലെടുത്തു കഴിഞ്ഞു.ജിയോബാഗ് തീര സംരക്ഷണ സംവിധാനവും കടലെടുക്കുന്നുണ്ട്.ഇവിടെയും തീരദേശ റോഡിന് ഭീഷണി നേരിട്ടാല്‍ തൊട്ടടുത്തുള്ള നൂറുകണക്കിന് വീടുകള്‍ക്കും ഭീഷണിയാവുമെന്ന ഭയം പ്രദേശവാസികള്‍ക്കുണ്ട്.

പെറുവാഡ് കടപ്പുറത്ത് രണ്ടുവര്‍ഷം മുമ്പ് സ്ഥാപിച്ച മണല്‍ ചാക്കുകള്‍ കൊണ്ടുള്ള ജിയോബാഗ് കടല്‍ ഭിത്തി പൂര്‍ണ്ണമായും കടലെടുത്തു.പെര്‍വാട് കടപ്പുറത്ത് ശേഷിച്ച കരിങ്കല്‍ കടല്‍ ഭിത്തിയും മൊത്തമായും കടലെടുക്കുന്നുണ്ട്. ഇതോടെ കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ പെര്‍വാഡ് കടപ്പുറത്ത് സ്ഥാപിച്ച മുഴുവന്‍ കടല്‍ ഭിത്തിയും നിലവില്‍ കടലെടുത്തു കഴിഞ്ഞു. തീരദേശവാസികളുടെ എതിര്‍പ്പ് മറികടന്ന് ഓരോ വര്‍ഷവും കോടികളാണ് അധികൃതര്‍ ഇവിടെ തീരസംരക്ഷണത്തിന്റെ പേരില്‍ കടലില്‍ കൊണ്ട് തള്ളുന്നത്.

ജില്ലയിലെ മറ്റു തീരദേശ മേഖലയിലും സമാനമായ കടലേറ്റങ്ങളുണ്ട്.ഉപ്പള മുസോടി കടപ്പുറം, ചെമ്പരിക്ക, അജാനൂര്‍ ഭാഗത്തും രൂക്ഷമായ കടലാക്രമണം നേരിടുന്നുണ്ട്. തീരദേശത്ത് തീരസംരക്ഷണത്തിനായി ഇനിയും കരിങ്കല്ല് കൊണ്ടുള്ള പരീക്ഷണത്തിന് മുതിരാതെ ബന്ധപ്പെട്ടവര്‍ ‘ടെട്രോ പോഡ്”പോലുള്ള ശാസ്ത്രീയമായ പദ്ധതികള്‍ കൊണ്ടുവന്ന് തീര സംരക്ഷണം ഉറപ്പുവരുത്തണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.

ഫോട്ടോ:കുമ്പള കോഴിപ്പാടി കടപ്പുറത്ത് കടലെടുക്കുന്ന കരിങ്കല്‍ കടല്‍ഭിത്തിയും, പെറുവാട് കടപ്പുറത്ത് കടലെടുത്ത ജിയോ ബാഗ് തീര സംരക്ഷണ സംവിധാനവും.

Scroll to Top