നായ്ക്കളെ ദത്തെടുക്കാം, ദയാവധവും; തെരുവില്‍ ഭക്ഷണം നല്‍കുന്നവര്‍ക്കെതിരെ നടപടിയെന്നും സര്‍ക്കാരിന്റെ സര്‍ക്കുലര്‍

തെരുവുനായ നിയന്ത്രണം കര്‍ശനമാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ നല്‍കി. ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിക്കല്‍, ദത്തെടുക്കാന്‍ അവസരം നല്‍കല്‍, അപകടകാരികളായ നായ്ക്കളെ ദയാവധം ചെയ്യല്‍ എന്നിവ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. തെരുവില്‍ ഭക്ഷണം നല്‍കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍ക്കുലറിലുണ്ട്.
ദില്ലി: തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ നിര്‍ദേശിച്ച് തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ സര്‍ക്കുലര്‍. ഷെല്‍ട്ടര്‍ ഹോമുകള്‍ വേഗത്തില്‍ തയ്യാറാക്കണമെന്നും നായ്ക്കളെ പിടികൂടാന്‍ പ്രത്യേക ഡ്രൈവ് നടത്തണമെന്നുമാണ് നിര്‍ദേശം. തെരുവുനായ്ക്കളെ തദ്ദേശസ്ഥാപനങ്ങള്‍ വഴി ദത്തുനല്‍കാമെന്നും തെരുവില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

തെരുവുനായശല്യത്തിന് പരിഹാരം കാണാന്‍ അടിയന്തര നടപടിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഷെല്‍ട്ടര്‍ ഹോമുകള്‍ തുറക്കണം, പൊതുവിടങ്ങളിലെ തെരുവുനായ്ക്കളെ വൈകാതെ അതിലേക്ക് മാറ്റണം, റോഡുകളിലും സ്ഥാപനങ്ങളിലും പ്രത്യേക ഡ്രൈവ് നടത്തണം, തെരുവുനായ്ക്കള്‍ക്ക് തെരുവില്‍ ഭക്ഷണം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി, നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് അറിയിക്കാന്‍ പ്രത്യേക ഹെല്‍പ്പ്‌ലൈന്‍ തുടങ്ങണം, പഞ്ചായത്തുകള്‍ ഓരോ വാര്‍ഡിലും പ്രത്യേക സ്ഥലം തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ കണ്ടെത്തണം, തെരുവുനായ്ക്കളെ ദത്തെടുക്കാന്‍ താത്പര്യമുളളവരുടെ അപേക്ഷകള്‍ തദ്ദേശസ്ഥാപനങ്ങള്‍ സ്വീകരിക്കണം, പ്രത്യേക ടാഗ് പതിപ്പിച്ച് നായ്ക്കളെ കൈമാറാം, അപകടകാരികളായ നായ്ക്കളെ ചട്ടങ്ങള്‍ പാലിച്ച് ദയാവധം നടത്താം, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ തെരുവുനായ്ക്കള്‍ അകത്തുകയറുന്നില്ലെന്ന് ഉറപ്പാക്കാന്‍ മതിലോ വേലിയോ ഉറപ്പാക്കണം, തെരുവുനായ നിയന്ത്രണത്തിനായി ഓരോ തദ്ദേശ സ്ഥാപനത്തിലും ഒരു നോഡല്‍ ഓഫീസറെ നിയമിക്കണമെന്നും നിര്‍ദേശമുണ്ട്. തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കുമെന്നും തദ്ദേശവകുപ്പ് സര്‍ക്കുലറില്‍ പറയുന്നു. കഴിഞ്ഞ മെയ് മാസമാണ് തെരുവുനായകളെ ദയാവധം ചെയ്യാമെന്നതുള്‍പ്പെടെ നിര്‍ദേശങ്ങള്‍ സുപ്രീംകോടതി നല്‍കിയത്.

Scroll to Top