കാസര്‍കോട്: കേരള സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിനായ ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് SKSSF കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സോളിഡാരിറ്റി മാര്‍ച്ച് ശ്രദ്ധേയമായി. ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ യുവജനങ്ങളുടെ കൂട്ടായ പ്രതിജ്ഞ പ്രഖ്യാപിച്ചുകൊണ്ടാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ അണിനിരന്നത്.
കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചിന് SKSSF ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, വര്‍ക്കിംഗ് സെക്രട്ടറി സിദ്ധീഖ് ബെളിഞ്ചം, ജില്ലാ ഭാരവാഹികളായ യൂനുസ് ഫൈസി കാക്കടവ്, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, റാശിദ് ഫൈസി ആമത്തല, അന്‍വര്‍ തുപ്പക്കല്‍, ഉസാം പള്ളങ്കോട്, ഇല്യാസ് ഹുദവി മുഗു എന്നിവര്‍ നേതൃത്വം നല്‍കി. ‘ലഹരിക്ക് നോ പറയാം’, ‘ലഹരിമുക്ത കേരളം നമ്മുടെ ലക്ഷ്യം’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രവര്‍ത്തകര്‍ നഗരത്തിലൂടെ നീങ്ങിയത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ച് കാസര്‍കോട് ജില്ലാ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ സാലൂദ് നിസാമി ഉദ്ഘാടനം ചെയ്തു. SKSSF ജില്ലാ ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ആമുഖ പ്രഭാഷണം നടത്തി .
SKSSF സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫറുഖ് ദാരിമി കൊല്ലമ്പാടി മുഖ്യപ്രഭാഷണം നടത്തി.
ഉദ്ഘാടന പ്രസംഗത്തില്‍ അബൂബക്കര്‍ സാലൂദ് നിസാമി, ലഹരി സമൂഹത്തിനും കുടുംബങ്ങള്‍ക്കും സൃഷ്ടിക്കുന്ന ഗുരുതരമായ ഭീഷണിയെക്കുറിച്ച് വിശദീകരിച്ചു. യുവജനങ്ങള്‍ ലഹരിക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ നിലകൊള്ളണമെന്നും, കുടുംബവും വിദ്യാഭ്യാസ സ്ഥാപനങ്ങളും മത-സാമൂഹിക സംഘടനകളും കൈകോര്‍ക്കുമ്പോഴാണ് ലഹരിമുക്ത സമൂഹം യാഥാര്‍ഥ്യമാകുകയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യപ്രഭാഷണം നടത്തിയ ഫറുഖ് ദാരിമി കൊല്ലമ്പാടി, യുവജനങ്ങളുടെ ധാര്‍മികവും സാമൂഹികവുമായ ഉത്തരവാദിത്തബോധം വളര്‍ത്തുന്നതിലൂടെ മാത്രമേ ലഹരിക്കെതിരായ പോരാട്ടം വിജയത്തിലെത്തുകയുള്ളൂവെന്ന് അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ ജനകീയ ക്യാമ്പയിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറാജുദ്ധീന്‍ ഖാസിലൈന്‍, അഷ്‌റഫ് അസ്നവി മര്‍ദ്ദള, ഹമീദ് ചേരങ്കൈ, ഹമീദ് ഫൈസി കൊല്ലമ്പാടി, നിസാം പുളിക്കൂര്‍, ലത്തീഫ് കൊല്ലമ്പാടി, അബ്ദുല്ല തായല്‍ നായന്മാര്‍മൂല , അബ്ദുസലാം മൗലവി ചുടുവളപ്പില്‍ , സുഹൈല്‍ റഹ്‌മാനി ചെറൂണി ,
എന്നിവര്‍ പ്രസംഗിച്ചു.
ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും യുവജനങ്ങളെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനും SKSSF തുടര്‍ന്നും വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര അറിയിച്ചു.
ഓപ്പറേഷന്‍ തൂഫാന്‍: കേരള സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിന് ഐക്യദാര്‍ഢ്യവുമായി SKSSF കാസര്‍കോട് ജില്ലാ കമ്മിറ്റി സോളിഡാരിറ്റി മാര്‍ച്ച്




