മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയില്‍; പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും, ദുരിതബാധിതരുമായി സംസാരിക്കും

12 മണിക്ക് ആറന്‍മുളയില്‍ ആയിരിക്കും ആദ്യ സന്ദര്‍ശനം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും ക്യാന്പുകളുടെ പ്രവര്‍ത്തനവും മുഖ്യമന്ത്രി വിലയിരുത്തും.
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശന്‍ ദുരന്തമേഖലയിലേക്ക്. പത്തനംതിട്ടയിലെ പ്രളയ മേഖലകളായ റാന്നി, ആറന്‍മുള തുടങ്ങിയ സ്ഥലങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. 12 മണിക്ക് ആറന്‍മുളയില്‍ ആയിരിക്കും ആദ്യ സന്ദര്‍ശനം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും ക്യാന്പുകളുടെ പ്രവര്‍ത്തനവും മുഖ്യമന്ത്രി വിലയിരുത്തും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ ഏകോപനത്തില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന വിമര്‍ശനത്തിനിടെയാണ് പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ വിഡി സതീശന്‍ എത്തുന്നത്. റാന്നിയില്‍ ഉള്‍പ്പെടെ വെള്ളമുയര്‍ന്നപ്പോള്‍ കടയുടെ ഉദ്ഘാടനത്തിനും പൊന്നാനിയില്‍ സ്വകാര്യ വിരുന്നില്‍ പങ്കെടുത്തതും മുഖ്യമന്ത്രിക്കെതിരെ എല്‍ഡിഎഫ് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് റാന്നി, ആറന്മുള മേഖലകളില്‍ പ്രളയസമാനമായ സാഹചര്യവും ജാഗ്രതയും തുടരുന്നു. വനമേഖലയില്‍ കഴിഞ്ഞ രാത്രി ശക്തമായ മഴ ഉണ്ടായില്ല . ജില്ലയിലാകെ 74 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. മൂവായിരത്തില്‍ അധികം പേര്‍ ക്യാമ്പില്‍ ഉണ്ട്. പമ്പ, അച്ചന്‍കോവില്‍, കക്കാട്ടാര്‍ എന്നീ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഗവിയിലേക്കുള്ള യാത്രാവിലക്ക് തുടരുന്നു.

Scroll to Top