ഓണം ഖാദിമേള കളക്ടറേറ്റില്‍ ജില്ലാകളക്ടര്‍ ഉദ്ഘാടനം ചെയ്തു

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് കാസര്‍കോട് കളക്ടറേറ്റില്‍ സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയ്ക്ക് തുടക്കമായി. മേളയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വഹിച്ചു. ആദ്യ വില്പന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ സ്വീകരിച്ചു. പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയരക്ടര്‍ കെ.വി.രാജേഷ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് പ്രൊജക്ട് ഓഫീസര്‍ ഷോളി ദേവസ്യ സ്വാഗതവും ടി.വി. വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു. സുരേഷ് പെരിയങ്ങാനം, പി.വി. ബീന തുടങ്ങിയവര്‍ പങ്കെടുത്തു.ആഗസ്്ത് മുതല്‍ ഏഴ് വരെ കളക്ടറേറ്റ് കോമ്പൗണ്ടിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ഓണം പ്രമാണിച്ച് ആഗസ്ത് 25 വരെ ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് 30% റിബേറ്റ് അനുവദിച്ചിട്ടുണ്ട്. തൊഴിലാളികള്‍ കരവിരുതില്‍ നെയ്തെടുത്ത നവീന ഫാഷനിലും ട്രെന്‍ഡിലും ഉള്ള കളക്ഷനുകള്‍ ഒരുക്കിക്കൊണ്ടാണ് ഓണം ഖാദിമേള സജ്ജമാക്കിയിട്ടുള്ളത്. ഖാദി വസ്ത്രങ്ങള്‍ക്ക് പുറമേ ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളുടെ ശേഖരവും മേളയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ട്. ജില്ലകളില്‍ ആഴ്ചതോറും നറുക്കെടുപ്പിലൂടെ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകള്‍ നല്‍കുന്നുണ്ട്. ആകര്‍ഷകമായ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ആയിരം രൂപയുടെ പര്‍ച്ചേഴ്സിനും സമ്മാനക്കൂപ്പണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Scroll to Top