കാലവര്‍ഷവും മഴക്കെടുതിയും: ജില്ലാ കളക്ടര്‍ മംഗല്‍പാടി ഉപ്പള ശാരദ കടപ്പുറം സന്ദര്‍ശിച്ചു

കാലവര്‍ഷവും മഴക്കെടുതിയുമായി ബന്ധപ്പെട്ട് കടലാക്രമണ ഭീഷണി നേരിടുന്ന മംഗല്‍പാടി ഉപ്പള ശാരദ കടപ്പുറം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു. തദ്ദേശവാസികളുമായി സംസാരിച്ച കളക്ടര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. കടല്‍ക്ഷോഭം പ്രതിരോധിക്കാന്‍ ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് പ്രദേശവാസികള്‍ കളക്ടറോട് ആവശ്യപ്പെട്ടു. കടല്‍ക്ഷോഭം ചെറുക്കാന്‍ നക്ഷത്രക്കല്ല് ഇടാനുള്ള പ്രൊപ്പോസല്‍ നല്‍കാന്‍ ജില്ലാ കളക്ടര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. തകര്‍ന്ന വീടുകളും ജംഗമ സ്വത്തുക്കള്‍ക്കുമുള്ള നഷ്ടപരിഹാരം കണക്കാക്കി എല്‍.ആര്‍.ഡി പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാന്‍തഹസില്‍ദാരെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.

മാറി പാര്‍ക്കാന്‍ തയ്യാറായ ദുരിതബാധിതരെ പ്രത്യേകം പരിഗണിച്ച് പുനരധിവാസ നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് കളക്ടര്‍ പറഞ്ഞു. മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാന്‍, വൈസ് പ്രസിഡന്റ് ഷമീന, മംഗല്‍പാടി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അബ്ദുല്‍ റസാക്ക്, മെമ്പര്‍മാരായ സുമയ്യ റഫീഖ്, സുഹറ, സഫീന, നജിമുനിസ, റഹിയാന അശോക്, മംഗല്‍പാടി പഞ്ചായത്ത് സെക്രട്ടറി വിനയ രാജ്, മംഗല്‍പാടി പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് ഹര്‍ഷന്‍, ഉപ്പള വില്ലേജ് ഓഫീസര്‍ ലൈസല്‍ എ.കെ നസിറുദ്ദീന്‍, എല്‍.എസ്.ജി.ഡി എന്‍ജിനീയര്‍ സതീഷ്, മഞ്ചേശ്വരം തഹസില്‍ദാര്‍ സുബൈര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കിരണ്‍ ഷട്ടി, കോയിപ്പാടി വില്ലേജ് ഓഫീസര്‍ രാജേഷ് കുമാര്‍, ഫിഷറീസ് വകുപ്പ് ഡി.ഡി ഷൈനി, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അരുണേന്ദു, മത്സ്യ ഭവന ഓഫീസര്‍ ഷിനാസ്, ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ സഞ്ജയ്, എന്നിവര്‍ കളക്ടറെ അനുഗമിച്ചു.

Scroll to Top