ദ്വയാര്‍ത്ഥ പരാമര്‍ശത്തില്‍ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തഞ്ചാവൂര്‍ സെങ്കപ്പട്ടി പൊലിസ് സ്റ്റേഷനിലായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. ഒന്നരമണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹത്തെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. മുതിര്‍ന്ന നേതാക്കളും നൂറ് കണക്കിന് ഡിഎംകെ പ്രവര്‍ത്തകരും സ്റ്റേഷന് മുന്നില്‍ ഉദയനിധി പുറത്തിറങ്ങുന്നത് കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
രാവിലെ നീലാങ്കരയിലെ വീട്ടില്‍ നിന്നാണ് ഉദയനിധിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്ത ശേഷം ഇന്ന് തന്നെ ഉദയനിധിയെ വിട്ടയയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സംസ്ഥാന വ്യാപക പ്രതിഷേധമായിരുന്നു ഉദയനിധിയുടെ അറസ്റ്റില്‍ നടന്നത്. ഉദയനിധിയുമായി പോയ പൊലീസ് വാഹനം വണ്ടല്ലൂരില്‍ ഡി എം കെ പ്രവര്‍ത്തകര്‍ തടയുന്ന സാഹചര്യമടക്കം ഉണ്ടായിരുന്നു. തിരുനെല്‍വേലിയിലും മയിലാടുതുറയിലും പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. മദ്രാസ് ഹൈക്കോടതി വിധിയ്ക്ക് പിന്നാലെ ഡി എം കെ ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ ആഘോഷം നടന്നു. ടിവികെയുടെ രാഷ്ട്രീയ നീക്കം ഹൈക്കോടതി പൊളിച്ചുവെന്ന് ഡി എം കെ നേതാവ് ആര്‍ എസ് ഭാരതി ട്വന്റി ഫോറിനോട് പറഞ്ഞു.




