മൊഗ്രാല്‍.ശക്തമായ മഴയും,ജില്ലയില്‍ റെഡ് അലര്‍ട്ട് തുടരുകയും, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ സാംക്രമിക രോഗ വ്യാപനത്തിന് സാധ്യത മുന്‍കൂട്ടി കണ്ട് മൊഗ്രാല്‍ കൊപ്പളം വാര്‍ഡിലെ വെള്ളക്കെട്ട് പ്രദേശങ്ങളില്‍ കുമ്പള ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി വീടുകള്‍ സന്ദര്‍ശിച്ച് രോഗപ്രതിരോധത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി.
വെള്ളം വീടിന് ചുറ്റും കെട്ടിനില്‍ക്കുന്നത് മൂലം ഡെങ്കിപ്പനി,എലിപ്പനി, വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ വേഗത്തില്‍ പടരാന്‍ കാരണമാവുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. കുടിവെള്ളം മാലിന്യവുമായി കലരുന്നതും, കൊതുകുകള്‍ പെരുകുന്നതുമാണ് പ്രധാന കാരണം. രോഗപ്രതിരോധത്തിനായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ താമസിക്കുന്നതിന് പകരം വെള്ളം കുറയുന്നത് വരെയെങ്കിലും മാറി താമസിക്കാന്‍ അധികൃതരെ സമീപിക്കുക, ആരോഗ്യവകുപ്പിന്റെ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ ഗൗരവമായി പാലിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ വീട്ടുകാര്‍ക്ക് നല്‍കി.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ എലിയുടെ മൂത്രവുമാകുമ്പോള്‍ എലിപ്പനി വരാന്‍ സാധ്യത ഏറെയാണ്
.കാലില്‍ മുറിവുള്ളവരാണെങ്കില്‍ ഇത് ഏറെ ശ്രദ്ധിക്കണം. വെള്ളക്കെട്ടില്‍ പെരുകുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണമാകുന്നത്. മലിനമായ വെള്ളം ഭക്ഷണത്തിനായി ഉപയോഗിക്കുന്ന തിലൂടെ വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം എന്നിവയ്ക്ക് കാരണമാകുന്നു. പനിയോ മറ്റോ പിടിപ്പെട്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
കുമ്പള ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്റര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാര്‍,പി ആര്‍ഒ സന്തോഷ്,എം എല്‍ എസ് പി മഞ്ജുഷ, ആശാവര്‍ക്കര്‍ സരള സാമൂഹ്യപ്രവര്‍ത്തകന്‍ ജലീല്‍ കൊപ്പളം എന്നിവര്‍ ബോധവല്‍ക്കരണത്തിന് നേതൃത്വം നല്‍കി.
ഫോട്ടോ:മൊഗ്രാല്‍ കൊപ്പളം വാര്‍ഡിലെ വെള്ളക്കെട്ടുള്ള താഴ്ന്ന പ്രദേശങ്ങള്‍ കുമ്പള ആരോഗ്യവകുപ്പ് അധികൃതര്‍ സന്ദര്‍ശിക്കുന്നു.




