കുമ്പള ഫാമിലി ഹെല്‍ത്ത് സെന്ററിനെ തകര്‍ക്കാന്‍ ഗൂഢശ്രമം:
വന്‍കിട സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന ദുഷ്പ്രചരണങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണം –
അഷ്‌റഫ് കര്‍ള
കുമ്പള: ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ലഭ്യമാക്കുന്ന കുമ്പള ഗവ. ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനും പ്രദേശത്തെ വന്‍കിട സ്വകാര്യ ആശുപത്രികളെ സഹായിക്കാനും ലക്ഷ്യമിട്ട് ചില ശക്തികള്‍ നടത്തുന്ന വ്യാജ പ്രചരണങ്ങളിലും ഇടപെടലുകളിലും ശക്തമായി പ്രതിഷേധിക്കുന്നതായി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ അഷ്‌റഫ് കര്‍ള പ്രസ്താവനയില്‍ പറഞ്ഞു.
?ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഭരണസമിതികളും ജനപ്രതിനിധികളും അഹോരാത്രം പ്രയത്‌നിച്ചു കൊണ്ടിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വികസന പദ്ധതികള്‍ ലഭ്യമാക്കി ആശുപത്രിയെ ആധുനിക രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ സജീവമായി നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ (NHM) നിന്നും ഏകദേശം 5 കോടി രൂപയാണ് പുതിയ കെട്ടിടത്തിനായി അനുവദിച്ചിട്ടുള്ളത്. ഇതില്‍ ഒരു കോടി രൂപ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭ്യമായിട്ടുമുണ്ട്. നിലവിലെ പഴയ കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള നടപടികള്‍ ഈ മാസം 10-ാം തീയതി നടക്കാന്‍ ഇരിക്കുകയാണ്.
?ഈ തരത്തില്‍ വന്‍ വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതിനിടയിലാണ് വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് സ്ഥാപനത്തെ ജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നത്.
കാസര്‍കോട് ജില്ല പൊതുവെ നേരിടുന്ന ഡോക്ടര്‍മാരുടെ ക്ഷാമം കുമ്പള ആശുപത്രിയെയും ബാധിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഏഴ് ഡോക്ടര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ മൂന്ന് പേര്‍ മാത്രമാണുള്ളത്. ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായി ഇന്റര്‍വ്യൂ നടത്തിയാല്‍ പോലും ഡോക്ടര്‍മാര്‍ എത്തുന്നില്ലെന്ന പ്രതിസന്ധിയുണ്ട്.
?നിലവിലുള്ള മൂന്ന് ഡോക്ടര്‍മാര്‍ സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിരിക്കുന്ന സാഹചര്യത്തില്‍, ഒഴിവുകള്‍ എത്രയും വേഗം നികത്താന്‍ ബഹു. എം.എല്‍.എയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടലുകള്‍ നടന്നു വരികയാണ്. ഈ പ്രതിസന്ധികള്‍ക്കിടയിലും ഞായറാഴ്ചകളില്‍ പോലും 150-ലധികം രോഗികളെയാണ് ലഭ്യമായ ഒറ്റ ഡോക്ടര്‍ കഠിനാധ്വാനം ചെയ്ത് പരിശോധിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിവരെ ഒ.പി ടിക്കറ്റ് നല്‍കി എത്തുന്ന മുഴുവന്‍ രോഗികള്‍ക്കും പരമാവധി മികച്ച സേവനം നല്‍കാന്‍ ആശുപത്രി അധികൃതരും ജീവനക്കാരും തയ്യാറാകുന്നുമുണ്ട്.
?എന്നാല്‍, ഇതിനെയെല്ലാം തമസ്‌കരിച്ച് ചില ഓട്ടോറിക്ഷാ തൊഴിലാളികള്‍ പലപ്പോഴായി ആശുപത്രിയില്‍ വന്ന് അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ജീവനക്കാരുടെ മനോവീര്യം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്.
കിടത്തിച്ചികിത്സയിലുള്ള രോഗികളെയും ഇന്‍ജക്ഷനും ഗ്ലൂക്കോസും നല്‍കിയിട്ടുള്ളവരെയും കാണിച്ച് സാങ്കേതിക തടസ്സങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് ഈ പൊതുജന ആരോഗ്യകേന്ദ്രത്തെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ്. ഇത്തരം അപക്വമായ ഇടപെടലുകള്‍ അടിയന്തര ചികിത്സ തേടിയെത്തുന്ന രോഗികളെ ബുദ്ധിമുട്ടിക്കാനേ ഉപകരിക്കൂ.
?സാധാരണക്കാരായ മത്സ്യത്തൊഴിലാളികളും കര്‍ഷകരും വിദ്യാര്‍ത്ഥികളും ആശ്രയിക്കുന്ന ഈ ആശുപത്രിയെ തകര്‍ത്ത്, രോഗികളെ സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിലേക്ക് തള്ളിവിടാനുള്ള നീക്കങ്ങള്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണം. ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം അപവാദ പ്രചാരകര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണം.
ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങളെ ശക്തമായി തന്നെ നേരിടും. ഇനി രാഷ്ട്രീയപരമായ ലക്ഷ്യങ്ങളോടെയാണ് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നതെങ്കില്‍ അതിനെ രാഷ്ട്രീയമായി തന്നെ തിരിച്ചടിക്കുമെന്നും അഷ്‌റഫ് കര്‍ള വ്യക്തമാക്കി.




