മൃഗസംരക്ഷണ-ക്ഷീരവികസന മേഖലകളിലെ വിവിധ സര്‍ക്കാര്‍ സ്‌കീമുകളും ആനുകൂല്യങ്ങളും ഗ്രാമീണ മേഖലയിലെ കര്‍ഷകരിലേക്ക് കൃത്യമായി എത്തിക്കാന്‍ ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിക്കുന്ന പശു സഖിമാരുടെ ദ്വിദിന ശില്പശാലയ്ക്ക് തുടക്കമായി. ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം.വി ജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കിഷോര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമതലങ്ങളില്‍ മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍, വിവിധ ബാങ്ക് വായ്പകള്‍, ഇന്‍ഷുറന്‍സ് സുരക്ഷ, സംരംഭകത്വ വികസനം എന്നിവ താഴേത്തട്ടില്‍ കൂടുതല്‍ കാര്യക്ഷമമായി ലഭ്യമാക്കാന്‍ ഇത്തരം പരിശീലനങ്ങള്‍ വഴി സാധിക്കും.
ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളില്‍ നിന്നുമായി നൂറോളം എ.എച്ച്.സി.ആര്‍.പി (ആനിമല്‍ ഹസ്ബന്‍ഡ്രി കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍) അംഗങ്ങളാണ് രണ്ടുദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, ഫിഷറീസ്, മില്‍മ, നബാര്‍ഡ്, വി.ബി.ജി.ആര്‍.എ.എം.ജി, ലീഡ് ബാങ്ക്, വ്യവസായ വകുപ്പ് എന്നീ എട്ട് പ്രമുഖ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും നേരിട്ടുള്ള സഹകരണത്തോടും ഏകോപനത്തോടും കൂടിയാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
വിവിധ വകുപ്പുകള്‍ വഴി ലഭിക്കുന്ന സാമ്പത്തിക-സാങ്കേതിക സഹായങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ പശു സഖിമാര്‍ക്ക് നല്‍കുന്നതിലൂടെ, ഗ്രാമീണ കര്‍ഷകര്‍ക്ക് ഇടനിലക്കാരുടെ സഹായമില്ലാതെ തന്നെ ആനുകൂല്യങ്ങള്‍ നേരിട്ട് ലഭ്യമാക്കാന്‍ കഴിയും. ജില്ലാ പ്രോഗ്രാം മാനേജര്‍ സഫാ മുര്‍ഷിദ സ്വാഗതവും, ജില്ലാ പ്രോഗ്രാം മാനേജര്‍ ജിതിന്‍ കെ.ടി. നന്ദിയും പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കുന്ന അംഗങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതത് പഞ്ചായത്തുകളിലെ ക്ഷീരവികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.




