ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച, കര്‍ശന നടപടി സ്വീകരിക്കും’; പാണക്കാട്ടെ മണ്ണിടിച്ചിലില്‍ മന്ത്രി കുഞ്ഞാലിക്കുട്ടി

മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മണ്ണ് മാറ്റാന്‍ മാത്രമാണ് മുന്‍സിപ്പാലിറ്റി അനുമതി നല്‍കിയതെന്നും ആരും അറിയാതെ പാറ പൊട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിലിന് അനധികൃതമായ പാറ പൊട്ടിക്കല്‍ കാരണമായെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മണ്ണ് മാറ്റാന്‍ മാത്രമാണ് മുന്‍സിപ്പാലിറ്റി അനുമതി നല്‍കിയത്. എന്നാല്‍ അതിന്റെ മറവില്‍ പാറ പൊട്ടിച്ചു. അതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം. സ്ഥലത്ത് ഒരുതരത്തിലുള്ള നിര്‍മ്മാണപ്രവൃത്തികളും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. മണ്ണിടിച്ചിലുണ്ടായ പ്രദേശം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.

പാറ പൊട്ടിക്കലിന് അനുമതി നല്‍കിയിട്ടില്ല. ആരും അറിയാതെ ആണ് പാറ പൊട്ടിച്ചത്. മുന്‍പ് പാറ പൊട്ടിച്ചപ്പോള്‍ തന്നെ നാട്ടുകാരും മറ്റും ഇടപെട്ട് നിര്‍ത്തിവെപ്പിച്ചിരുന്നു. എന്നാല്‍ അത് നീക്കിയാണ് വീണ്ടും പാറ പൊട്ടിച്ചത്. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചു. പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ട് ഇടപെടുന്നതില്‍ അവര്‍ പരാജയപ്പെട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെ ആദ്യപടിയായി അവര്‍ക്ക് ഇതിനോടകം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഉടമയ്ക്ക് ഷോക്കോസ് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അപകടത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തില്‍ ഉടനീളം അനധികൃതവും നിയമവിരുദ്ധവുമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ 100 ശതമാനവും നിര്‍ത്തിവെപ്പിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള അനധികൃത ക്വാറി പ്രവര്‍ത്തനങ്ങളും ഇനി അനുവദിക്കില്ല. യാതൊരുവിധത്തിലുള്ള തെറ്റായ പ്രവണതകളും സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന. ഇത്തരം ദുരന്തങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ പരിശോധനകളും നടപടികളും തുടരുമെന്നും മന്ത്രി അറിയിച്ചു.

Scroll to Top