ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശം ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു.

തയ്യേനി: ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനി പ്രദേശത്ത് ഉരുള്‍പൊട്ടലും കനത്ത മഴയും മൂലം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങള്‍ ബിജെപി നേതൃസംഘം സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലുണ്ടായ മേഖലയും ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സന്ദര്‍ശിച്ച സംഘം സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുകയും ജനപ്രതിനിധികളുമായും പ്രദേശവാസികളുമായും ക്യാമ്പിലെ സൗകര്യങ്ങളും ആവശ്യങ്ങളും സംബന്ധിച്ച് വിവരങ്ങള്‍ തേടുകയും ചെയ്തു.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും മഴക്കെടുതി നേരിടുന്ന കുടുംബങ്ങള്‍ക്ക് ധനസഹായം ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായം ഉടന്‍ ലഭ്യമാക്കണമെന്നും ബിജെപി നേതൃസംഘം ആവശ്യപ്പെട്ടു.

ബിജെപി ജില്ലാ പ്രസിഡന്റ് അശ്വിനി എം. എല്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി. ആര്‍. സുനില്‍, നീലേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സാഗര്‍ ചാത്തമത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് ജോസഫ് പടിഞ്ഞാറയില്‍, കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ടി. സി. രാമചന്ദ്രന്‍, വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് കുമാര്‍, ഈസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബാബു എന്‍. കെ, ബെന്നി എന്നിവരാണ് സന്ദര്‍ശനം നടത്തിയത്.

നിലവില്‍ 17 കുടുംബങ്ങളില്‍ നിന്നായി അറുപതോളം പേരാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്.

Scroll to Top