ഇനി കടല്‍ വഴി മാത്രമല്ല, കരവഴിയും കപ്പലിലേക്ക്; കരവഴി കണ്ടെയ്‌നര്‍ നീക്കം നടത്താനാകുന്ന രാജ്യാന്തര ചരക്കുകവാടമാകാന്‍ വിഴിഞ്ഞം

വിഴിഞ്ഞം തുറമുഖത്തുനിന്ന് കരവഴിയുളള കയറ്റിറക്കുമതി ഈ മാസം ആരംഭിക്കുന്നു. അമേരിക്കയിലെ ഹൂസ്റ്റണിലേക്കാണ് ആദ്യ ബുക്കിങ്. ഇതോടെ വിഴിഞ്ഞം നേരിട്ട് കരമാര്‍ഗം കണ്ടെയ്‌നര്‍ നീക്കം നടത്തുന്ന ഒരു രാജ്യാന്തര ചരക്കുകവാടമായി മാറും.
തിരുവനന്തപുരം: കരവഴിയുളള കയറ്റിറക്കുമതി ഈ മാസം തുടങ്ങാനിരിക്കെ വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്. തൂത്തുക്കുടിയിലെ സ്ഥാപനമാണ് കരമാര്‍ഗം കണ്ടെയ്‌നര്‍ എത്തിച്ച് കപ്പലില്‍ കയറ്റി അയക്കാനുളള ബുക്കിങ് നടത്തിയതെന്നാണ് വിവരം. നിരവധി കമ്പനികള്‍ ഇതിനോടകം കയറ്റുമതി ബുക്കിങ് വിവരങ്ങള്‍ തേടി.

ഇതുവരെ വിഴിഞ്ഞത്ത് കപ്പലില്‍ നിന്ന് കപ്പലിലേക്ക് മാത്രം ചരക്കുനീക്കമാണ് നടന്നിരുന്നത്. ഈ മാസം പതിനെട്ട് മുതല്‍ ചിത്രം മാറുകയാണ്. ഇതോടെ നേരിട്ട് കരവഴി കണ്ടെയ്‌നര്‍ നീക്കം നടക്കുന്ന രാജ്യാന്തര ചരക്കുകവാടമാകും വിഴിഞ്ഞം. വിഴിഞ്ഞത്ത് കര വഴിയെത്തുന്ന ആദ്യ കണ്ടെയ്‌നര്‍ പോകുന്നത് അമേരിക്കയിലെ ഹൂസ്റ്റണിലേക്കെന്നാണ് വിവരം. തൂത്തുക്കുടിയിലുളള സ്ഥാപനം ബുക്കിങ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കസ്റ്റംസിന്റെയും കപ്പല്‍ കമ്പനിയുടെയും തുടര്‍ അനുമതികളായാല്‍ ചരക്ക് റോഡുമാര്‍ഗം വിഴിഞ്ഞത്തെത്തിക്കും. ഓഗസ്റ്റ് പതിനെട്ടിനാണ് ആദ്യ കയറ്റുമതി കണ്ടെയ്‌നര്‍ മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യുന്നത്. തിരുപ്പൂരില്‍ നിന്നുള്‍പ്പെടെ വിവിധ കമ്പനികള്‍ വിഴിഞ്ഞത്തുനിന്ന് ചരക്ക് കയറ്റുമതി സംബന്ധിച്ച് വിവരങ്ങള്‍ തേടിയിട്ടുണ്ട്. കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനുളള ഫ്രൈറ്റ് സ്റ്റേഷന്‍ നിലവില്‍ വിഴിഞ്ഞത്തില്ല. പകരം തുറമുഖ യാര്‍ഡ് ഇതിനായി തത്കാലം ഉപയോഗിക്കും.

ചരക്കുനീക്കത്തിന് കസ്റ്റംസ് അനുമതി കഴിഞ്ഞ്ദിവസം ലഭിച്ചിരുന്നു.്‌ദേശീയപാത വഴി കണ്ടെയ്‌നറുകള്‍ കൊണ്ടുപോകുന്നതിന് ദേശീയ പാത അതോറിററിയും നേരത്തെ അനുമതി നല്‍കിയിരുന്നു. ട്രയല്‍ റണ്ണും നടത്തി. നിലവില്‍ മദര്‍ ഷിപ്പില്‍ വിഴിഞ്ഞത്ത് എത്തിക്കുന്ന കണ്ടെയ്‌നറുകള്‍ ചെറുകപ്പലുകളില്‍ മറ്റ് തുറമുഖങ്ങളില്‍ എത്തിച്ച് അവിടെ നിന്നാണ് റോഡുമാര്‍ഗം കൊണ്ടുപോകുന്നത്. കയറ്റുമതിക്കായുളളവയും മറ്റ് തുറമുഖങ്ങള്‍ വഴിയെത്തുന്നു. ഇതിലാണ് മാറ്റം. ചരക്കുനീക്കത്തിന്റെ ചെലവും സമയവും കാര്യമായി കുറയുമെന്നാണ് നിഗമനം.

Scroll to Top