തൃക്കരിപ്പൂര്‍: ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ യുവജന വേദിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യകാരന്‍ ബെന്യാമിന്‍ രചിച്ച പ്രശസ്ത നോവല്‍ ആടുജീവിതം ആസ്പദമാക്കി പുസ്തകചര്‍ച്ച സംഘടിപ്പിച്ചു.
ഗ്രന്ഥശാല പ്രസിഡന്റ് ടി. തമ്പാന്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല താലൂക്ക് കൗണ്‍സില്‍ അംഗം പി. രാജഗോപാലന്‍ പുസ്തകം അവതരിപ്പിച്ചു. പ്രവാസജീവിതത്തിന്റെ കഠിന യാഥാര്‍ഥ്യങ്ങളും മനുഷ്യന്റെ അതിജീവനശേഷിയും അത്യന്തം ഹൃദയസ്പര്‍ശിയായി ആവിഷ്‌കരിക്കുന്ന കൃതിയാണ് ആടുജീവിതം എന്ന് അദ്ദേഹം പറഞ്ഞു. ജീവിതസാഹചര്യങ്ങള്‍ മനുഷ്യനെ എങ്ങനെ മാറ്റിമറിക്കുന്നുവെന്നും കടുത്ത പ്രതിസന്ധികളിലും പ്രത്യാശ കൈവിടാതെ മുന്നേറാനുള്ള പ്രചോദനമാണ് ഈ നോവല്‍ വായനക്കാര്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടര്‍ന്നുനടന്ന ചര്‍ച്ചയില്‍ ഗ്രന്ഥശാല വൈസ് പ്രസിഡന്റ് കെ. വി. രാമകൃഷ്ണന്‍, താലൂക്ക് കൗണ്‍സില്‍ അംഗം സി. സന്തോഷ് കുമാര്‍, പി സദാനന്ദന്‍ ,യുവജന വേദി കണ്‍വീനര്‍ സന്ദീപ് പി., വനിതാ വേദി കണ്‍വീനര്‍ സബ്‌ന സജിത്ത്, സജിത്ത് എം., പ്രേമ, പുഷ്പ പി., പൂജ പി.വി., ബിനേഷ് വിത്തന്‍ എന്നിവര്‍ പങ്കെടുത്ത് നോവലിന്റെ സാഹിത്യ-സാമൂഹിക പ്രസക്തിയും കാലികതയും വിലയിരുത്തി സംസാരിച്ചു.
ചടങ്ങിന് ലൈബ്രേറിയന്‍ നന്ദന പി.കെ. നന്ദി രേഖപ്പെടുത്തി.
ആടുജീവിതം മനുഷ്യന്റെ അതിജീവനത്തിന്റെ മഹാകാവ്യം; തൃക്കരിപ്പൂരില്‍ പുസ്തകചര്‍ച്ച സംഘടിപ്പിച്ചു




