മലങ്കര ഡാമിന്റെ സംഭരണ ശേഷിയുടെ പകുതിയോളം മണ്ണും ചെളിയും നിറഞ്ഞതായി കണ്ടെത്തല്‍

ഇടുക്കിയിലെ മലങ്കര ഡാമിന്റെ സംഭരണ ശേഷിയുടെ പകുതിയോളം മണ്ണും ചെളിയും അടിഞ്ഞുകൂടിയതായി കേരള എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇതുമൂലം ചെറിയ മഴയില്‍ പോലും ഷട്ടറുകള്‍ തുറക്കേണ്ടി വരുന്നു.
ഇടുക്കി: ഇടുക്കിയിലെ പ്രധാന അണക്കെട്ടുകളിലൊന്നായ മലങ്കര ഡാമിന്റെ സംഭരണ ശേഷിയുടെ പകുതിയോളം മണ്ണും ചെളിയും നിറഞ്ഞതായി കണ്ടെത്തല്‍. കേരള എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഗുരുതരമായ ഈ വിവരം പുറത്തുവന്നത്. എക്കലും മണ്ണും അടിഞ്ഞുകൂടി സംഭരണ ശേഷിയെ ബാധിക്കുന്നതിനാലാണ് ചെറിയ മഴ പെയ്താല്‍ പോലും ഷട്ടറുകള്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കേണ്ടി വരുന്നത്. ഡാമിന്റെ സംഭരണ ശേഷി മൂന്നു വര്‍ഷം കൊണ്ട് വീണ്ടെടുക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായെന്ന് ജലവിഭവ വകുപ്പ് അധികൃതര്‍ അറിയിച്ചു. മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ മലങ്കര ജലാശത്തിന്റെ 42 മീറ്ററാണ് പരമാവധി സംഭരണ ശേഷി.

ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ കുടിവെളള പദ്ധതിക്ക് ആശ്രയമാണ് മലങ്കര. അഞ്ച് വര്‍ഷം മുമ്പ് കേരള എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അണക്കെട്ടില്‍ നടത്തിയ പഠന പ്രകാരം, സംഭരണ ശേഷിയുടെ 48.95 ശതമാനവും ചെളിയും മണ്ണും അടിഞ്ഞു കൂടിയെന്നാണ് വിവരം. എന്നാല്‍ ചെളി നീക്കം ചെയ്യാനുളള ഒരു പ്രവൃത്തിയും കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായില്ല. ഫലം, ചെറുമഴ പെയ്താല്‍ പോലും ഷട്ടറുകള്‍ തുറന്ന് വലിയ തോതില്‍ വെളളം ഒഴുക്കിവിടും. തൊടുപുഴയിലും മൂവാറ്റുപുഴയിലും നഗര പ്രദേശങ്ങളില്‍ കനത്ത വെളളക്കെട്ടും പതിവ്. മൂലമറ്റത്ത് വൈദ്യുതോത്പാദനം കൂട്ടിയാലും അധിക ജലം ഒഴുകി മലങ്കരയിലേക്കെത്തും. അപ്പോഴും ഷട്ടര്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കേണ്ടിവരും.

അണക്കെട്ടിലെ ചെളിനീക്കാത്തതു കാരണം 2745 ദശലക്ഷം ഘന മീറ്റര്‍ വെളളം വര്‍ഷംതോറും പാഴാകുന്നുവെന്നാണ് കണക്ക്. നീക്കം ചെയ്യേണ്ടത് 18 ദശലക്ഷം ഘനമീറ്റര്‍ ചെളിയും എക്കലുമാണ്. ഗൗരവമുളള ഈ കണക്കുകള്‍ മുന്നിലുളളപ്പോള്‍ വര്‍ഷങ്ങളായി കാര്യമായ നടപടികളൊന്നും ജലവിഭവ വകുപ്പ് സ്വീകരിച്ചില്ലെന്നാണ് വിചിത്രം. ഇക്കാര്യത്തില്‍ ജലവിഭവ വകുപ്പ് നല്‍കുന്ന വിശദീകരണമിങ്ങനെ- ഡീ സില്‍റ്റേഷന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. കാഞ്ഞാര്‍ പാലം മുതല്‍ അണക്കെട്ട് വരെയുളള പ്രദേശത്തെ ചെളിയാണ് ആദ്യം നീക്കുക. മൂന്നു വര്‍ഷം കൊണ്ട് അണക്കെട്ടിന്റെ സംഭരണ ശേഷി വീണ്ടെടുക്കാനാവും എന്നാണ് കണക്കുകൂട്ടല്‍.

Scroll to Top