നോവുണങ്ങാതെ പുത്തുമല: ഉരുള്‍ദുരന്തത്തിന് ഏഴാണ്ട്

പുത്തുമലയുടെ മണ്ണില്‍ ഇന്ന് വീണ്ടും ഓര്‍മകളുടെ മഴ പെയ്യുകയാണ്. ഒരു പകല്‍ മല പൊട്ടിയിറങ്ങി കവര്‍ന്നെടുത്തത് വീടുകളും സ്വപ്നങ്ങളും മാത്രമായിരുന്നില്ല. ഒരു നാടിന്റെ പ്രിയപ്പെട്ട മനുഷ്യരെക്കൂടിയായിരുന്നു. ശക്തമായ ഇടിമിന്നലും മഴയുടെ പേടിപ്പെടുത്തുന്ന ശബ്ദവും കേട്ടുകൊണ്ട് പുത്തുമലക്കാര്‍ അന്നുണര്‍ന്നത്. പുത്തുമല പള്ളിക്കടുത്തെ ചായക്കടയില്‍ അന്നളുകള്‍ നന്നേ കുറവ്. വന്നവരെല്ലാം മഴയുടെ സംഹാരതാണ്ഡവത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍. എസ്റ്റേറ്റ് തൊഴികളികള്‍ ആശങ്കയോടെയാണ് അന്ന് ജോലിക്കെത്തിയത്. പണി മുടക്കിയാല്‍ കൂലി കുറയുമെന്നതിനാല്‍ മാത്രം പണിക്കെത്തിയ നിസ്സഹായര്‍.

മഴ കനത്തതോടെ , എസ്റ്റേറ്റ് തൊഴിലാളികള്‍ പണി നിര്‍ത്തി വീടുകളിലേക്ക് മടങ്ങി. പുതുമലയിലേക്കുള്ള പാതയില്‍ പലയിടത്തും മണ്ണിടിഞ്ഞുവീണു. റോഡ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധം താറുമാറായി. കുടുംബങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന നിര്‍ദേശം നല്‍കി, പലരും ചെവിക്കൊണ്ടില്ല. 3 മണിയോടെ മലമുകളില്‍ നിന്ന് വലിയ ശബ്ദം പുത്തുമലക്കര്‍ കേട്ടു. ഒന്നും ഓര്‍ക്കാന്‍ പോലുമവര്‍ക്ക് സമയം കിട്ടിയില്ല. ഭീമന്‍ കല്ലും മണ്ണും പാറകളും മരങ്ങളുമെല്ലാം മനുഷ്യശരീരങ്ങള്‍ക്ക് മേല്‍ വന്നുപതിച്ചു. എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങള്‍ ആദ്യം മണ്ണടിഞ്ഞു. 4.30ഓടെ എല്ലാം സംഭവിച്ച് കഴിഞ്ഞിരുന്നു. അന്നത്തെ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് സഹതും സംഘവും തന്റെ നാടിന് സംഭവിച്ച ദുരന്തം കണ്മുന്നില്‍ കണ്ടുപൊട്ടിക്കരഞ്ഞു. കൂടുതല്‍ സഹായം നാടിന് വേണമെന്ന് തിരിച്ചറിഞ്ഞു.

ഫോണില്‍ പുത്തുമലയുടെ ദുരന്ത വ്യാപ്തി വ്യക്തമാക്കി 20 സെക്കന്റ് വീഡിയോ പകര്‍ത്തി. സമീപത്തെ വീട്ടിലേക്ക് ഓടിയെത്തി കാര്‍ ഓണാക്കി അതില്‍ നിന്ന് ചാര്‍ജ് ചെയ്ത് മാധ്യമങ്ങള്‍ക്ക് അയച്ച് നല്‍കി. ഈ ദൃശ്യമാണ് പിന്നീട് ലോകത്തിന് മുന്നില്‍ പുത്തുമല ദുരന്തത്തിന്റെ വ്യാപ്തി തുറന്ന് കാണിച്ചത്.

18 ദിവസം ആ തിരച്ചില്‍ തുടര്‍ന്നു. സൂചിപ്പാറയുടെ താഴ്വാരത്ത് നിന്ന് വരെ മൃതദേഹങ്ങള്‍ ലഭിച്ചു. 18ആം നാള്‍ തിരച്ചില്‍ അവസാനിപ്പിച്ചു. ഇന്നും ആ മണ്ണില്‍ പുത്തുമലക്കാരായ എഴുപേരുണ്ട്. പുത്തുമലയുടെ കാറ്റില്‍ അവരുടെ ശബ്ദങ്ങളുണ്ട്, വഴികളില്‍ അവരുടെ കാല്‍പ്പാടുകളുണ്ട്, ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കണ്ണീരിലും, മണ്ണിനടിയില്‍ മറഞ്ഞുപോയവരുടെ ഓര്‍മകളിലും, ആ ദുരന്തത്തെ അതിജീവിച്ച ഒരു നാടിന്റെ അതിജീവനത്തിലും പുത്തുമല ഇന്ന് ഏഴാം വാര്‍ഷികം ആചരിക്കുകയാണ്.

Scroll to Top