അര്‍ജ്ജുന്‍ ആയങ്കിയുമായി ബന്ധം; 5 പേര്‍ തിരുവനന്തപുരത്ത് കസ്റ്റഡിയില്‍

, സംസ്ഥാനത്താകെ ആയങ്കിക്കെതിരെ 23 കേസുകള്‍

ക്രിമിനല്‍ കേസുകളിലെ പ്രതിയായ അര്‍ജ്ജുന്‍ ആയങ്കിയുമായി ബന്ധമുള്ള 5 പേരെ തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്തു. തുമ്പ, തമ്പാനൂര്‍ പൊലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം: ക്രിമിനല്‍ കേസുകളിലെ പ്രതിയായ അര്‍ജ്ജുന്‍ ആയങ്കിയുമായി ബന്ധമുള്ള 5 പേരെ തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്തു. തുമ്പ, തമ്പാനൂര്‍ പൊലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഷൈജു, ഷാ, ശങ്കു, വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്താകെ അര്‍ജുന്‍ ആയങ്കിക്കെതിരെ 23 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം, വ്യാപകമായ തെരച്ചിലിനിടയിലും അര്‍ജുന്‍ ആയങ്കിയിലേക്ക് എത്താനാകാതെ കുഴങ്ങുകയാണ് പൊലീസ്. പാലിയേക്കര ടോള്‍ പ്ലാസ കടന്ന അര്‍ജുന്‍ ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിര്‍ത്തികളിലും പൊലീസ് വ്യാപക തെരച്ചിലാണ് നടത്തിവരുന്നത്. അര്‍ജുന്‍ ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രധാന സംശയം.

ഒളിവിലിരിക്കെ വരുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അര്‍ജുന്‍ തന്നെയാണോ ഇടുന്നത്, അതോ മറ്റാരെങ്കിലുമാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.അതിനിടയിലും സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളി തുടര്‍ന്ന് അര്‍ജുന്‍ ഇന്നലെ രാത്രിയും പുതിയ പോസ്റ്റുമായി രംഗത്തെത്തി. ‘തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല’ എന്നുമാണ് അര്‍ജുന്‍ പോസ്റ്റില്‍ കുറിച്ചത്. ഈ പോസ്റ്റിന് താഴെ നിരവധി പിന്തുണയുമായി വിവിധ ഹാന്‍ഡിലുകളില്‍ നിന്നുള്ള കമന്റുകളും എത്തിയിട്ടുണ്ട്. അര്‍ജുനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്.

ഒളിവിലിരുന്നും പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഒളിവിലുള്ള തന്നെ പിടിക്കാന്‍ പറ്റുമെങ്കില്‍ പിടിക്കൂ എന്നാണ് അര്‍ജുന്‍ ആയങ്കി നേരത്തെ വെല്ലുവിളിച്ചത്. ഹൈക്കോടതി ജാമ്യം തള്ളിയപ്പോള്‍ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചെ മതിയാവൂ എങ്കില്‍ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരൂ എന്നും പറ്റുമെങ്കില്‍ പിടിക്കാനും പൊലീസിനെ അര്‍ജുന്‍ ആയങ്കി വെല്ലുവിളിച്ചു. കള്ളക്കേസില്‍ കുടുക്കിയ കോതമംഗലം സിഐക്ക് പണി വെച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ അര്‍ജുന്‍ ആയങ്കി പറയുന്നു. അര്‍ജുന്‍ ആയങ്കിയെയും സംഘത്തെയും കോതമംഗലം പൊലീസ് കഴിഞ്ഞ മെയ് 3 ന് അറസ്റ്റ് ചെയ്തിരുന്നു. റിസോര്‍ട്ടില്‍ കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടെ പിടികൂടി എന്നാണ് പൊലീസ് അറിയിച്ചത്. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ അര്‍ജുന്‍ ആയങ്കി കോതമംഗലം സി ഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തി. സമാധാനപരമായി പെന്‍ഷന്‍ വാങ്ങി ശിഷ്ട ജീവിതം നയിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. പിന്നാലെയാണ് പൊലീസ് വീണ്ടും കേസെടുത്തത്.

Scroll to Top