അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മരുമകനും വ്യവസായിയുമായ മൈക്കല്‍ ബൂലോസ് സ്വകാര്യ സന്ദര്‍ശനത്തിനായി ആലപ്പുഴയിലെത്തി. എട്ടംഗ സംഘത്തോടൊപ്പം കായല്‍ സൗന്ദര്യം ആസ്വദിക്കുന്ന അദ്ദേഹം, നെഹ്റു ട്രോഫി വള്ളംകളിയുടെ പരിശീലനവും കാണും. പ്രമുഖ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം മടങ്ങും.
ആലപ്പുഴ: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മരുമകനും പ്രമുഖ വ്യവസായിയുമായ മൈക്കല്‍ ബൂലോസ് ആലപ്പുഴയില്‍. എട്ടംഗ സംഘത്തോടൊപ്പമാണ് അദ്ദേഹം ആലപ്പുഴയില്‍ എത്തിയത്. സ്വകാര്യ സന്ദര്‍ശനത്തിനായാണ് ഇദ്ദേഹം ആലപ്പുഴയിലെത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം. ആലപ്പുഴയുടെ പ്രകൃതിസൗന്ദര്യവും കായല്‍പ്പരപ്പും ആസ്വദിക്കുന്ന സംഘം വൈകുന്നേരം നെഹ്റു ട്രോഫി വള്ളംകളിക്കായി ഒരുങ്ങുന്ന ചുണ്ടന്‍ വള്ളങ്ങളുടെ പരിശീലന തുഴച്ചിലും കാണും. പ്രദേശത്തെ പ്രമുഖ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം മൈക്കല്‍ ബൂലോസ് വൈകുന്നേരത്തോടെ ആലപ്പുഴയില്‍ നിന്ന് മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ടിഫാനി ട്രംപിന്റെ ജീവിതപങ്കാളിയാണ് പ്രമുഖ അന്താരാഷ്ട്ര വ്യവസായിയായ മൈക്കിള്‍ ബൂലോസ്. ഇന്ന് രാവിലെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കൊച്ചിയിലെത്തിയ ശേഷമാണ് അദ്ദേഹം ആലപ്പുഴയിലേക്ക് വന്നത്. അമേരിക്കന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഇദ്ദേഹത്തെ അനുഗമിച്ചു. ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ സവാരി നടത്തിയ സംഘം കൊച്ചിയില്‍ വച്ച് മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയെന്നും വിവരമുണ്ട്. മൈക്കല്‍ ബൂലോസിന്റെ സന്ദര്‍ശന വിവരം സംസ്ഥാന സര്‍ക്കാരിന് നേരത്തെ അറിയുമായിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ വിവരം പുറത്തുവിട്ടിരുന്നില്ല.




