കാസര്‍കോട്: ലഹരിയുടെ പുകമറയില്‍ ജീവിതം ഹോമിക്കുന്നവരോട് കടുത്ത മുന്നറിയിപ്പുമായി കാസര്‍കോട് മണ്ണില്‍ നടന്ന റൈഡ് ഫോര്‍ എ ഡ്രഗ് ഫ്രീ ടുമാറോ, ഹാര്‍ലി-ഡേവിഡ്സണ്‍ ബൈക്ക് റാലി വിജയകരമായി സമാപിച്ചു. ലഹരിമാഫിയകള്‍ക്കെതിരെയുള്ള ഈ വിപ്ലവകരമായ മുന്നേറ്റത്തില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ വലിയ പങ്കാളിത്തം ശ്രദ്ധേയമായി. ബൈക്കുകളും 300- പോരാളികളും ഒറ്റ ലക്ഷ്യവുമായി തെരുവിലിറങ്ങിയ ഈ റാലി കേരള ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായമായി മാറി.
കേരള സര്‍ക്കാറിന്റെ ലഹരിവിരുദ്ധ പരിപാടിയായ തൂഫാന്‍- നാര്‍ക്കോട്ടിക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസുമായി സഹകരിച്ച് ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെ നേത്യത്വത്തില്‍, ബാംഗ്ലൂരിലെ ഹാര്‍ഡ്ലി ഡേവിഡ്സണ്‍ ബൈക്കേര്‍സ് കൂട്ടായ്മയായ ടസ്‌കര്‍ ഗ്രൂപ്പിന്റെ പിന്തുണയോടെ നടത്തിയ റാലി ബേക്കല്‍ താജ് ഗേറ്റ്വേയില്‍ വെച്ച് നടന്ന വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങില്‍ കേരള പൊലീസ് ഡിവൈ.എസ്.പി. ശ്രീ. ഉത്തംദാസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് ഉദ്ഘാടന വേദിയില്‍ മുഴങ്ങിയത്.
ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ വെച്ച് നടന്ന വിളംബര സമാപന സമ്മേളനം കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ശ്രീ. പി. നിധിന്‍ രാജ് ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു. യുവജനങ്ങളെ ലഹരിയുടെ പിടിയില്‍ നിന്ന് മോചിപ്പിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകത അദ്ദേഹം മുഖ്യപ്രഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു. ലഹരിക്കെതിരെയുള്ള പൊതുജന പിന്തുണയെക്കുറിച്ചും മാഫിയകളെ തുടച്ചുനീക്കാനുള്ള നടപടികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ചടങ്ങില്‍ ഫാറൂഖ് കാസ്മി സ്വാഗതം ആശംസിച്ചു. ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി പ്രസിഡണ്ട് ഷാഫി നാലപ്പാട് അധ്യക്ഷത വഹിച്ചു. ടസ്‌കര്‍ ചാപ്റ്റര്‍ ബാംഗ്ലൂരിലെ കുമാര്‍ റെഡ്ഡി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് അസീം (അസി. ഡയറക്ടര്‍, ടസ്‌കര്‍ ചാപ്റ്റര്‍), കെ.എന്‍.എം. ജിഫ്രി (ഡയറക്ടര്‍, എച്ച്2എച്ച്ടി), അനസ് മുസ്തഫ (ബേക്കല്‍ ബീച്ച് പാര്‍ക്ക്), ട്രഷറര്‍ ഡോ. സി.ടി. മുഹമ്മദ് മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന് നന്ദി പ്രകാശിപ്പിച്ചു.
ഷെരീഫ് കാപ്പില്‍, മജീദ് ബെണ്ടിച്ചാല്‍, സുനൈഫ് എം.എ.എച്ച്, സി.എല്‍ റഷീദ്, ജലീല്‍ മുഹമ്മദ്, എം.എം നൗഷാദ്, ഷാഫി പാറക്കട്ട, ഷിഹാബ് തോരവളപ്പില്‍, അഷ്റഫ് ഐവ, സമീര്‍ ഒറവങ്കര, ജാഫര്‍ മുല്ലച്ചേരി, കെ.സി ഇര്‍ഷാദ്, നിസാം എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.




