ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍. കൊച്ചിയിലെ സ്വകാര്യ ഹോട്ടല്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയും സംസ്ഥാന സര്‍ക്കാരിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കേരളവും അമേരിക്കയും തമ്മില്‍ പരസ്പര താല്‍പര്യമുള്ള മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തും.
ഉന്നത വിദ്യാഭ്യാസം, വിനോദസഞ്ചാരം, സംസ്‌കാരം, നിക്ഷേപം, സമുദ്ര വികസനം തുടങ്ങിയ മേഖലകളിലെ സഹകരണ സാധ്യതകള്‍ ചര്‍ച്ചയായി. കേരളത്തിലെയും അമേരിക്കയിലെയും നഗരങ്ങള്‍ തമ്മില്‍ ‘സിസ്റ്റര്‍ സിറ്റീസ്’ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും.
വിഴിഞ്ഞം തുറമുഖം, കൊച്ചി തുറമുഖം എന്നിവയുമായി ബന്ധപ്പെട്ട സമുദ്ര ലോജിസ്റ്റിക്‌സ്, കപ്പല്‍ നിര്‍മാണം, കപ്പല്‍ അറ്റകുറ്റപ്പണി, ഗ്രീന്‍ ബങ്കറിങ് തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്ക് ഒപ്പം വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും ഉണ്ടായിരുന്നു.
അമേരിക്കന്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയ അതേ ഹോട്ടലില്‍ ട്രംപിന്റെ മരുമകന്‍ മൈക്കിള്‍ ബൂലോസും ഉണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി മൈക്കിള്‍ ബൂലോസുമായി കൂടിക്കാഴ്ച നടത്തിയോ എന്നതില്‍ വ്യക്തത ഇല്ല. സ്വകാര്യ സന്ദര്‍ശനത്തിനായാണ് ഇദ്ദേഹം ആലപ്പുഴയിലെത്തിയത് എന്നാണ് വിവരം.




