തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെ ഒന്‍പതാം ദിവസവും കണ്ടെത്താനായില്ല. മുതലപ്പൊഴിയില്‍ സ്‌കൂബ സംഘത്തിന്റെ തിരച്ചില്‍ പ്രതികൂല കാലാവസ്ഥ കാരണം അവസാനിപ്പിച്ചു. മുങ്ങല്‍ വിദഗ്ധര്‍ എത്താന്‍ വൈകിയതില്‍ പ്രതിഷേധമുണ്ടായി. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞു അപകടത്തില്‍പ്പെട്ട ഷിജിനെ കണ്ടെത്താന്‍ മറൈന്‍ ആംബുലന്‍സും മത്സ്യത്തൊഴിലാളി ബോട്ടുകളും രാവിലെ ഇറങ്ങി. പൊഴി ഭാഗത്തും തിരച്ചില്‍ വേണമെന്ന് ഷിജിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. മുങ്ങല്‍ വിദഗ്ധര്‍ വരുമെന്ന് ഇന്നലെ മന്ത്രി നേരിട്ടെത്തി ഉറപ്പ് നല്‍കി. അവരെ സഹായിക്കാന്‍ പുലര്‍ച്ചെ മത്സ്യത്തൊഴിലാളികളും തയാറായി എത്തി. എന്നാല്‍ പന്ത്രണ്ട് മണിവരെ സ്‌കൂബ സംഘം എത്തിയില്ല. ഇതില്‍ കുടുംബം പ്രതിഷേധിച്ചു.
ഫിഷറീസ്, കോസ്റ്റല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഉച്ചയോടെ വിഴിഞ്ഞത്തുനിന്ന് നാലംഗ സ്‌കൂബ സംഘത്തെ എത്തിച്ചു. അരമണിക്കൂര്‍ തിരഞ്ഞെങ്കിലും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ അവസാനിപ്പിച്ചു. മുതലപ്പൊഴിയില്‍ ഈ മാസം അഞ്ചിനും സ്‌കൂബ സംഘം തിരച്ചില്‍ നടത്തിയെങ്കിലും കാലാവസ്ഥ മോശമായതിനാല്‍ നിര്‍ത്തിയിരുന്നു. വിഴിഞ്ഞത് കാണാതായ ജോണിനായും തെരച്ചില്‍ തുടരുന്നു. കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ തെക്ക് തമിഴ്‌നാട് തീരം വരെ പരിശോധന നടത്തുന്നു. വ്യോമസേന ഹെലികോപ്റ്റര്‍ കൊച്ചിയില്‍ നിന്നെത്തി. ധീര റെസ്‌ക്യൂ ബോട്ടും തിരച്ചിലിനുണ്ട്. ജൂലൈ 31നാണ് ഷിജിനെയും ജോണിനെയും കാണാതായത്.




